തൃശൂർ പെരുമ്പിലാവ് കൊരട്ടിക്കര പള്ളിക്ക് സമീപം കാറും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം. കാർ യാത്രികരായ 4 പേർക്കും ബസ്സിലുണ്ടായിരുന്ന 2 പേർക്കും പരിക്കേറ്റു.
ഗുരുവായൂർ കണ്ടാണശ്ശേരി സ്വദേശികളായ 32 വയസ്സുള്ള വിഷ്ണു, 24 വയസ്സുള്ള മഞ്ജു, നാലര വയസ്സുള്ള അശ്വിത, 55 വയസ്സുള്ള ബിന്ദു എന്നിവർക്കും ബസ് യാത്രക്കാരായ 2 പേർക്കുമാണ് പരിക്കേറ്റത്. ഇതിൽ മഞ്ജുവിന്റെയും അശ്വതയുടെയും ബിന്ദുവിന്റെയും പരിക്ക് സാരമുള്ളതാണ്.
ഇന്നലെ രാത്രി ആയിരുന്നു അപകടമുണ്ടായത്. തൃശ്ശൂരിൽ നിന്ന് കുറ്റിപ്പുറത്തേക്ക് പോയിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ ആദ്യം പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും ബസിൻ്റെ മുൻവശം ഭാഗികമായും തകർന്നു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കുന്നംകുളം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.