ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. പ്രതിയായ അസഫാക്ക് ആലത്തിനെതിരെ എറണാകുളം അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോർട്ട് (അട്രോസിറ്റി എഗൈൻസ്റ്റ് വുമൻ ആന്‍റ് ചിൽഡ്രൻ) ൽ അന്വേഷണ സംഘത്തലവനായ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ നേതൃത്വത്തിലാണ് കുറ്റപത്രം സമർപ്പിച്ചത്.
ശക്തമായ സാഹചര്യ തെളിവുകളുടെയും, ശാസ്ത്രീയ, സൈബർ ഫോറൻസിക്ക് തെളിവുകളുടെയും, ഡോക്ടർമാരുടെ റിപ്പോർട്ടിന്‍റെയും, മെഡിക്കൽ രേഖകളുടേയും അടിസ്ഥാനത്തിൽ പഴുതടച്ച കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്. 645 പേജുള്ള കുറ്റപത്രത്തിൽ 99 സാക്ഷികളാണ് ഉളളത്. ചെരിപ്പ്, വസ്ത്രം ഉൾപ്പടെ മെറ്റീരിയൽ ഒബ്ജക്റ്റ്സും, നിർണ്ണായക ഡോക്യുമെൻറുകളും കുറ്റപത്രത്തിലുണ്ട്. രണ്ട് പ്രത്യേക അന്വേഷണ സംഘം ബീഹാറിലും, ഡൽഹിയിലും പോയി. പ്രതിയെക്കുറിച്ച് നിർണ്ണായക വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതും കുറ്റപത്രത്തിലുണ്ട്. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്ന വിധത്തിലാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നതെന്ന് എസ് പി വിവേക് കുമാർ പറഞ്ഞു. വിചാരണ ഉടനെ തുടങ്ങണമെന്ന അപേക്ഷയും ഇന്നുതന്നെ കോടതിയിൽ നൽകി. 90 ദിവസത്തിനുള്ളിൽ ട്രയൽ കഴിയുമെന്ന പ്രതീക്ഷയാണ് അന്വേഷണ സംഘത്തിനുള്ളത്. ഡി.വൈ.എസ്.പി പി.പ്രസാദ്, ഇൻസ്പെക്ടർ എം.എം.മഞ്ജുദാസ് തുടങ്ങി ഇരുപതോളം പേരടങ്ങുന്ന പ്രത്യേക ടീമാണ് കേസ് അന്വേഷിച്ചത്. മോഹൻ രാജ് ആണ് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ.