മാര്‍ഷല്‍ ആര്‍ട്‌സ് ഇനമായ സാംബോയില്‍ ദേശീയ തലത്തില്‍ ഒന്നാംസ്ഥാനം നേടിയിട്ടും അന്തര്‍ദേശീയ മത്സരത്തില്‍ പങ്കെടുക്കാന്‍ സാഹചര്യമില്ലാതെ കായികതാരം. തൊടുപുഴ കരിങ്കുന്നം സ്വദേശി അഭിജിത്ത് എം. മഹേഷിനാണ് രാജ്യാന്തര മത്സരത്തില്‍ അവസരം കിട്ടിയിട്ടും സ്‌പോണ്‍സറെ ലഭിക്കാത്തതും സാമ്പത്തിക പരാധിനതയും വെല്ലുവിളിയാകുന്നത്.
പരിമിതമായ സാഹചര്യത്തിൽ നിന്ന് കഠിനാധ്വാനം കൊണ്ടാണ് സാംബോയിൽ ഇതുവരെയുള്ള നേട്ടങ്ങൾ അഭിജിത്ത് നേടിയത്. അഭിജിത്തിനു ലഭിച്ച മെഡലുകളാണ് പണി തീരാത്ത ഈ വീട്ടിൽ നിറഞ്ഞിരിക്കുതും.
2022ൽ കാശ്മീരിൽ നടന്ന ദേശീയ തല മത്സരത്തിൽ സാംബോയിൽ ഒന്നാം സമ്മാനം അഭിജിത്ത് നേടിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ബംഗ്ലാദേശിൽ നടന്ന സൗത്ത് ഏഷ്യൻ ചാമ്പ്യൻഷിപ്പിലേക്ക് അവസരം ലഭിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് മൂലം അഭിജിത്തിന് പങ്കെടുക്കാനായില്ല.
ഏഴാം ക്ലാസ് മുതൽ നെടുങ്കണ്ടത്തെ സർക്കാർ സ്പോർട്സ് ഹോസ്റ്റലിലും, പ്ലസ് ടുവും ബിരുദവും തൃശൂർ സായിയിൽനിന്നുമാണ് അഭിജിത്ത് പഠനവും പരിശീലനവും നടത്തിയിരുന്നത്. ഈ കാലങ്ങളിൽ ജൂഡോ, റസ്ലിംഗ്, സാംബോ തുടങ്ങിയ ഇനങ്ങളിൽ നിരവധി മെഡലുകൾ നേടി.
കഴിഞ്ഞ രണ്ടു വർഷമായി നെഹ്റു ട്രോഫി നേടിയ പിബിസി പള്ളാത്തുരുത്തി ടീമിന്‍റെ തുഴച്ചിൽക്കാരൻ കൂടിയാണ് ഈ യുവതാരം. ചൈനയിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ തീവ്ര പരിശീലനത്തിലാണ് ഈ കായിക താരം.എന്നാൽ, എങ്ങനെ പണം കണ്ടെത്തുമെന്ന ആശങ്കയാണുള്ളത്.
കൂലിപ്പണിക്കാരനായ പിതാവിന് ലഭിക്കുന്ന തുച്ഛമായ തുകയാണ് കുടുംബത്തിലെ ഏക വരുമാനം. അന്തർദേശീയ മത്സരത്തിൽ പങ്കെടുത്ത് രാജ്യത്തിനുവേണ്ടി മെഡൽ നേടുന്ന സ്വപ്നത്തിലെത്താൻ സ്പോണ്‍സറായി സുമനസുകൾ എത്തുമെന്ന പ്രതീക്ഷയിലാണ് അഭിജിത്തും കുടുംബവും.