ഇടുക്കി മുന്നാർ മാംഗുളത്ത് വിവാഹ ചിത്രങ്ങൾ പകർത്താൻ എത്തിയ ഫോട്ടോഗ്രാഫറെ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവർ മർദിച്ചു. വിവാഹം കഴിഞ്ഞു മടങ്ങുന്നതിനിടെ വാഹനം തടഞ്ഞു നിർത്തി മർദ്ധിയ്ക്കുകയായിരുന്നു.
മൂന്നാർ മാങ്കുളത്ത് വിവാഹ ചിത്രങ്ങൾ പകർത്താൻ എത്തിയ മുവാറ്റുപുഴ സ്വദേശിയായ ഫോട്ടോഗ്രാഫർ ജെറിനാണ് മർദ്ദനമേറ്റത്. കഴിഞ്ഞ ഞായറാഴ്ചയാണ് ജെറിനും സുഹൃത്തുക്കളും വിവാഹ ചടങ്ങ് പകർത്തുന്നതിനായി മാങ്കുളം കൈനഗിരിയിൽ എത്തിയത്.
ഇവർക്ക് താമസിയ്ക്കുന്നതിനായി ഒരു റിസോർട്ടിൽ റൂം ഒരുക്കിയിരിയിരുന്നു. വിവാഹ ശേഷം ജെറിനെ മർദിച്ചവരും ഇവിടെ ഉണ്ടായിരുന്നു.
റൂം വൃത്തിഹീനമായി കിടക്കുന്നത് സംബന്ധിച്ച് ചോദ്യം ചെയ്താണ് പ്രകോപനത്തിന് കാരണമെന്ന് ജെറിൻ പറയുന്നു. ഇത് വാക്ക് തർക്കത്തിന് ഇടയാക്കി. തുടർന്ന് തിങ്കളാഴ്ച വിവാഹം കഴിഞ്ഞു മടങ്ങുന്നതിനിടെ ഇവർ ജെറിനെ മർദ്ധിയ്ക്കുകയായിരുന്നു.
മാങ്കുളം കല്ലാർ റോഡിൽ സഞ്ചരിയ്ക്കുകയായിരുന്ന ജെറിന്റെ വാഹനത്തെ പിന്തുടർന്ന് എത്തിയ സംഘം വാഹനം തടഞ്ഞു. അസഭ്യവർഷം ചൊരിഞ്ഞ ഇവർ ഡ്രൈവർ സീറ്റിൽ ഉണ്ടായിരുന്ന ജെറിനെ മർദ്ധിച്ചു.വാഹനത്തിന്റെ വാതിൽ വലിച്ചു തുറക്കാനും ശ്രമിച്ചു.
ജെറിന്റെ ഒപ്പം വാഹനത്തിലുണ്ടായിരുന്നവരാണ് അക്രമ ദൃശ്യങ്ങൾ പകർത്തിയത്. സംഘത്തിനൊപ്പം ഉണ്ടായിരുന്ന മറ്റൊരു യുവാവിനെയും ഇവർ മർദിച്ചതായി ആരോപണം ഉണ്ട്. ജെറിന്റെ പരാതിയിൽ മൂന്നാർ പോലിസ് കേസെടുത്തു