Share this Article
ഇതോ റാഗിങ് ?’; മൂപ്പതോളം പേരുടെ കാൽപ്പാദം നക്കിപ്പിച്ചു; മൂത്രം ചേർത്ത മദ്യം വായിലൊഴിപ്പിച്ച് കൂടിപ്പിച്ചു; SC/STകമ്മീഷനും പൊലീസിനും കോളേജ് പ്രിന്‍സിപ്പാളിനും പരാതി നൽകി വിദ്യാർത്ഥിയുടെ മാതാവ്
വെബ് ടീം
posted on 23-10-2024
1 min read
ragging complaint

പാലക്കാട് അകത്തേത്തറ എന്‍.എസ് എസ് എഞ്ചിനീയറിങ്  കോളേജില്‍ അതിക്രൂരമായ റാഗിങ്ങ്.എസ്.സി എസ്.ടി കമ്മീഷനും പൊലീസിനും കോളേജ് പ്രിന്‍സിപ്പാളിനും വിദ്യാർത്ഥിയുടെ മാതാവ് പരാതി നൽകി. മൂപ്പതോളം പേരുടെ കാൽപ്പാദം നക്കിപ്പിച്ചു. മൂത്രം ചേർത്ത മദ്യം വായിലൊഴിപ്പിച്ച് കൂടിപ്പിച്ചു തുടങ്ങി അതിക്രൂരവും നടുക്കമുണ്ടാക്കുന്ന കാര്യങ്ങളുമാണ് പരാതിയിലുള്ളത്.

2024 സെപ്തം. 28ന് പാലക്കാട് അകത്തേത്തറ NSS എഞ്ചിനീയറിംഗ് കോളേജിൽ ക്രൂര റാഗിംഗിന് വിധേയനായ വിദ്യാർത്ഥിയുടെ മാതാവിൻ്റെ പരാതിയിലെ പ്രസക്തഭാഗങ്ങൾ:

-------------------------------------------------------

ഞങ്ങൾ തിരുവനന്തപുരം സ്വദേശികളാണ്. എൻ്റെ മകൻ 2024 സെപ്ത‌ംബർ 23 ന് മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ടി കോളേജിൽ വിദ്യാർത്ഥിയായി ചേർന്നു: കോളേജ് ഹോസ്റ്റലിൽ താമസത്തിന് ഒഴിവില്ലാത്തതിനാൽ സ്റ്റാഫിൻ്റെ നിർദ്ദേശാനുസരണം കോളേജിന് അടുത്തുള്ള ജയന്തി കൃഷ്ണ‌ ബോയ്‌സ്‌ ഹോസ്‌റ്റലിൽ ചേർന്നു. അവരുടെ  ഹോസ്റ്റലിൻ്റെ എതിരെയുള്ള ഹോസ്റ്റലിലാണ് സീനിയർ വിദ്യാർത്ഥികൾ താമസിച്ചിരുന്നത്. കഴിഞ്ഞ സെപ്ത‌ംബർ മാസം 28 ന് രാത്രി 9 മണിക്ക് അവർ അത്താഴം കഴിച്ച് ഹോസ്റ്റലിൽ എത്തിയ സമയത്ത് മദ്യലഹരിയിൽ മുങ്ങിയ 15 ഓളം വരുന്ന സീനിയർ വിദ്യാർത്ഥികൾ അവരുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കടന്നു. 

എൻ്റെ മകനടക്കമുള്ള 3 വിദ്യാർത്ഥികളെ കേട്ടാലറയ്ക്കുന്ന രീതിയിലുളള തെറി വിളിക്കുവാൻ ആരംഭിച്ചു. തുടർന്ന് ആ കൂട്ടത്തിൽപെട്ട കണ്ടാൽ ഗുണ്ട എന്ന് തോന്നിപ്പിക്കുന്ന ഒരു വിദ്യാർത്ഥിയുടെ തലയിൽ ഇരുന്ന കണ്ണട എൻ്റെ മകൻ്റെ കണ്ണിൽ വെച്ച് ഡാൻസ് ചെയ്യാൻ മറ്റൊരു വിദ്യാർത്ഥി ആവശ്യപ്പെട്ടു. അതേ സമയം കണ്ണട ധരിച്ചിരുന്ന വിദ്യാർത്ഥി കണ്ണട ഊരിയാൽ എൻ്റെ മകനെ ഇടിച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തൽസമയം തന്നെ ഡാൻസ് ചെയ്യാൻ ആവശ്യപ്പെട്ട വിദ്യാർത്ഥി കണ്ണട ഊരിയില്ലെങ്കിൽ ഇടിച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ചെകുത്താനും കടലിനുമിടയിൽ അകപ്പെട്ട അവസ്ഥയിൽ എൻ്റെ കുഞ്ഞ് പേടിച്ചുവിറച്ചു നിൽക്കുമ്പോഴും ഇവരുടെ തെറിയഭിഷേകം തുടർന്നുകൊണ്ടേയിരുന്നു. ഈ പതിനഞ്ചുപേരിൽ ഗോപികൃഷ്‌ണൻ എന്നയാളെ മാത്രമേ മകന് പേരുകൊണ്ടറിയൂ. ബാക്കിയുളളവരെ കണ്ടാലറിയാം. 

തുടർന്ന് ഇവരിൽ ഒരാളെ സിഗരറ്റ്‌ വാങ്ങാൻ പറഞ്ഞയ ച്ചു. മറ്റൊരാളെ രണ്ടുമൂന്നുപേർ ബലമായി അവിടെ പിടിച്ചുവെച്ചു. എൻ്റെ മകനെ സീനിയർ വിദ്യാർത്ഥികൾ അവർ താമസിക്കുന്ന എതിരായുള്ള ഹോസ്റ്റലിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയി. ഈ പോകുന്നതിനിടയിൽ എൻ്റെ മകനെ മുതുകിനും നടുവിനും പിൻകഴുത്തിനും ഇടിക്കുകയും ചവിട്ടുകയും കുത്തുകയും ചെയ്യുന്നുണ്ടായിരുന്നു എന്നാണ് മോൻ എന്നോട് പറഞ്ഞത്. ആ ഹോസ്റ്റലിൽ എത്തിയ സമയത്ത് അവിടെയുണ്ടായിരുന്ന ഗോപീകൃഷ്ണൻ എന്ന വിദ്യാർത്ഥി നീ ആരോട് ചോദി ച്ചിട്ടാണ് ഇങ്ങോട്ട് വന്നത് ഇവിടുന്ന് ഇപ്പോൾ പോയില്ലെങ്കിൽ ഈ ക്രിക്കറ്റ് ബാറ്റുകൊണ്ട് നിൻ്റെ തലയടിച്ച് പൊട്ടിച്ചുകൊല്ലും എന്ന് ആക്രോശിച്ചുകൊണ്ട് മോനെ തല്ലാനായി പാഞ്ഞുവന്നു. തൽസമയം അവനെ പിടിച്ചുകൊണ്ടുവന്ന കൂട്ടത്തിൽപെട്ടയാൾ നീ പോയാൽ നിന്നെ ഇടിച്ചു കൊല്ലും എന്ന് ഭീഷണിപ്പെടുത്തി. അതേസമയം തന്നെ മറ്റൊരാൾ തറയിൽ കിടന്ന ഒരു ടൈയിലിൻ്റെ കഷ്‌ണമെടുത്ത് ഗോപികൃഷ്‌ണനോട് പറഞ്ഞു. നീ ബാറ്റുകൊണ്ട് അവൻ്റെ മൂക്കിനും മുഖത്തും അടിക്ക് ഞാൻ ടൈൽ കൊണ്ട് അവൻ്റെ തലയുടെ പിൻഭാഗം അടിച്ചുപൊളിക്കാം. മൂക്കിൽ നിന്നും തലയിൽ നിന്നും ഒരേ സമയം ചോര ഒഴുകുന്നത് കാണാൻ നല്ല ഭംഗിയാണെന്ന് പറഞ്ഞ് അട്ടഹസിച്ച് ചിരിക്കുകയും കേട്ടാലറക്കുന്ന തെറിയഭിഷേകം തുടരുകയും ചെയ്‌തു. 

ഇതിനിടയിൽ ഒരാൾ എന്റെ മകനോട് സാങ്കല്പ‌ിക കസേരയിൽ ഇരിക്കാൻ പറഞ്ഞു. ഭയന്നുവിറച്ച് കുഞ്ഞ് അങ്ങനെ ഇരിക്കുന്നതിനിടയിൽ കൂട്ടത്തിൽ ഒരാൾ പോയി അറ്റം കൂർത്ത ഒരു കമ്പി കൊണ്ടുവരികയും വീണാൽ കുത്തികയറാൻ പാകത്തിന് കമ്പി മലദ്വാരത്തിൽ ചേർത്തുവെക്കുകയും ചെയ്തു‌. ഈ പ്രവർത്തിയുടെ രസം നഷ്‌ടപ്പെട്ടപ്പോൾ അവർ അവനെ ബലമായി പിടിച്ചെണിൽപ്പിച്ച് അവൻ്റെ ബനിയൻ ഊരി മാറ്റി തുടർന്ന് കൂട്ടത്തിലൊരാൾ കിച്ചണിൽ പോയി കുറച്ച് മുളകുപൊടിയും ഉപ്പും എടുത്തുകൊണ്ടുവന്നു. തുടർന്ന് രണ്ടുപേർ അവൻ്റെ കൈകൾ രണ്ടും ബലമായി പിന്നിലേക്ക് കൂട്ടിപിടിച്ചു. എന്താണ് സംഭവിക്കാൻ പോകുന്നതെന്നറിയാതെ കുഞ്ഞ് പേടിച്ചരണ്ട് നിൽക്കുമ്പോൾ കൂട്ടത്തിലൊരാൾ അവന്റെ നിക്കർ അഴിക്കാൻ തുടങ്ങി. നിങ്ങൾ എന്നെ എന്തുചെയ്യാൻ പോകുന്നു എന്നലറി ക്കരഞ്ഞ കുഞ്ഞിനോട് നിൻ്റെ ഷഡ്ഡിയും നിക്കറും അഴിച്ചുമാറ്റി നിന്റെ ലിംഗത്തിലും മലദ്വാരത്തിലും മുളകുപൊടിയും ഉപ്പും തേച്ചു പിടിപ്പി ക്കാൻ പോകുകയാണെന്ന് പറഞ്ഞു. മാത്രമല്ല, പുകച്ചിൽ കൊണ്ട് നീ തുള്ളുമ്പോൾ അത് വീഡിയോ എടുത്ത് യൂട്യൂബ്, ഇൻസ്റ്റഗ്രാം തുടങ്ങി എല്ലാ സോഷ്യൽ മീഡിയകളിലും പ്രചരിപ്പിച്ച് നിന്നെ വൈറൽ ആക്കും എന്നുപറഞ്ഞ് അട്ടഹസിച്ചു. 

പൊന്നുചേട്ടന്മാരെ നിങ്ങൾ പറയുന്നതെന്തും ഞാൻ അനുസരിക്കാം. ഇതുമാത്രം ചെയ്യരുതേ എന്ന് അപേക്ഷിച്ചപ്പോഴാണ് അവർ അവനെ സ്വതന്ത്രനാക്കിയത്. പക്ഷേ ഇതിനുപകരം നീ ഞങ്ങളുടെ കാൽപാദം പാമ്പിനെപ്പോലെ ഇഴഞ്ഞ് വന്ന് നക്കണം എന്നുപറയുകയും അത് ചെയ്യിക്കുകയും ചെയ്തു‌. ഈ റാഗിംഗിൽ പങ്കാളികളായ മുപ്പതോളം പേരുടെ കാൽപാദങ്ങൾ നക്കികഴിഞ്ഞപ്പോഴേക്കും അവശനായി തളർന്ന് വീണ കുഞ്ഞിന് ഇത്തിരി വെള്ളം കൊടുക്കടാ അല്ലെങ്കിൽ അവൻ ചത്തുപോകും എന്നാരോ പറഞ്ഞതുകേട്ട് കൂട്ടത്തിലൊരുവൻ ഒരു ചില്ലുഗ്ലാസുമായി വന്ന് എൻ്റെ കുഞ്ഞിൻ്റെ മുന്നിൽ വെച്ചുതന്നെ അവൻ്റെ ലിംഗം പുറത്തെടുത്ത് അതിൽ പകുതിയോളം മൂത്രമൊഴിച്ചതിനുശേഷം അവരാരോ കുടിച്ച് ബാക്കി വച്ച റം (വിദേശമദ്യം) കൂട്ടി ചേർത്ത് കുഞ്ഞ് കിടന്ന അവസ്ഥയിൽ തന്നെ അവൻ്റെ കൈയ്യും കാലും കൂട്ടിപിടിച്ച് ബലമായി അവന്റെ വായിലേക്ക് ഒഴിച്ച് കൂടിപ്പിച്ചു. 

ഈ സമയം സിഗരറ്റ് വാങ്ങാൻ പോയ പയ്യൻ അവൻറെ മാതാപിതാക്കളെ വിവരം ധരിപ്പിച്ചതനുസരിച്ച് അവർ ഹോസ്റ്റമുടമയെ വിളിച്ച് വിവരം പറഞ്ഞിരുന്നു. അതനുസരിച്ച് അയാൾ അങ്ങോട്ട് ഓടിയെത്തുകയും അയാളെ കണ്ടമാത്രയിൽ അവനെ ഉപദ്രവിച്ചവർ ഓടി രക്ഷപ്പെടുകയും ചെയ്‌തു.

ഇതിനിടയിൽ കുഞ്ഞിൻ്റെ ഹോസ്റ്റലിൽ പിടിച്ചുവച്ചിരുന്ന അവന്റെ കൂട്ടുകാരൻ്റെ അലറിക്കരച്ചിൽ കേൾക്കാമായിരുന്നു എന്നാണ് കുഞ്ഞ് പറഞ്ഞത്. ഞങ്ങളുടെ ഭാഗ്യത്തിന് ആ ഉടമസ്ഥൻ ആ സമയത്ത് അവിടെ എത്തിയി ല്ലായിരുന്നുവെങ്കിൽ പൂക്കോട്ട് വെറ്ററിനറി കോളേജിൽ റാഗ് ചെയ്ത് കൊലപ്പെടുത്തിയ സിദ്ധാർത്ഥൻ്റെ അവസ്ഥ എൻ്റെ മകനും സംഭവിക്കുമായിരുന്നു. 

രാത്രി 9 മണിക്ക് ആരംഭിച്ച ഈ ക്രൂരത 12 മണി വരെ നീണ്ടു എന്ന് പറയുമ്പോൾ എൻ്റെ കുഞ്ഞ് അനുഭവിച്ച പീഡനങ്ങൾ ഓർത്ത് എൻ്റെ ചങ്ക് പിടയുകയാണ്. 

വീട്ടിൽ ചെന്ന സമയത്ത് ആ കോളേജിൽ എൻ്റെ മകൻ ഇനി തുടർന്ന് പഠിക്കില്ലായെന്ന് കരഞ്ഞു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ടി.സി വാങ്ങുന്നതിനായി ചെന്ന സമയത്ത് ഒരു മീറ്റിംഗ് കൂടിയ ശേഷം മാത്രമേ ടി.സി നൽകുന്നതിനെക്കുറിച്ച് ആലോചിക്കാൻ കഴിയൂ എന്ന് പ്രിൻസിപ്പൽ പറഞ്ഞു. തുടർന്ന് കൂടിയ മീറ്റിംഗിൽ എന്റെ മകനെ മാത്രം പങ്കെടുപ്പിച്ചു. റാഗ് ചെയ്‌ത കുട്ടികൾ മദ്യലഹരിയിൽ ആയിരുന്നതും, മദ്യകുപ്പികൾ കണ്ടതും, കഞ്ചാവ് ഉപയോഗിക്കുന്നത് കണ്ടതും, അവനെ ചെയ്ത‌ത ദ്രോഹങ്ങൾ അടക്കമുള്ള കാര്യങ്ങളും ഒഴിവാക്കികൊണ്ടി എന്തൊക്കെയോ എഴുതി ഒപ്പിട്ടുവാങ്ങി എന്നാണ് എൻ്റെ മകൻ എന്നോട് പറഞ്ഞത്. പിന്നീട് ടി.സി മറ്റൊരു ദിവസം നൽകാമെന്നും പറഞ്ഞ് അവർ ഞങ്ങളെ മടക്കി അയച്ചു. 

തുടർന്ന് ഒക്ടോബർ 8 ന് ഞങ്ങൾ ടി. സി. കൈപ്പറ്റി. പക്ഷേ അനുഭവിച്ച ക്രൂരപീഡനങ്ങൾ ഓർത്ത് പേടിച്ചിരിക്കുന്ന എന്റെ കുഞ്ഞിൻ്റെ ഭാവി എന്തായിരിക്കുമെന്ന് ഓർത്ത് എനിക്ക് നല്ല ആശങ്കയുണ്ട്. ആകയാൽ എൻ്റെ കുഞ്ഞിനെ ഈ അവസ്ഥയിൽ എത്തിച്ച മുഴുവൻ പേർക്കുമെതിരെയും, സമയബന്ധിതമായി നടപടി എടുക്കാത്ത കോളേജ് അധികൃതർക്കെതിരേയും ആൻ്റി റാഗിംഗ് ആക്ട‌്, ഇന്ത്യൻ ശിക്ഷ നിയമം, പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമം എന്നിവയനുസരിച്ച് നിയമനടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

എന്ന് വിശ്വസ്തതയോടെ

അമ്മ

കോപ്പി ടു

1. ചെയർമാൻ, എസ്.സി/എസ്.ടി കമ്മീഷൻ, തിരുവനന്തപുരം

2. സൂപ്രണ്ട് ഓഫ് പോലീസ്, പാലക്കാട്

3. കോളേജ് പ്രിൻസിപ്പാൾ



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories