ഇടുക്കി അയ്യപ്പൻകോവിൽ വള്ളക്കടവിൽ പുലിയുടേതെന്ന് തോന്നിപ്പിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തി. വള്ളക്കടവ് തേനംപറമ്പിൽ അഭിലാഷിൻ്റെ വീടിൻ്റെ മുറ്റത്താണ് കാൽപ്പാടുകൾ കണ്ടെത്തിയത്.
പുലർച്ചെ 3.30 ഓടെ നായ്ക്കൾ നിർത്താതെ കുരയ്ക്കുന്നത് കേട്ട് അഭിലാഷ് ഉണർന്ന് കതക് തുറന്നപ്പോൾ പുലിയാണെന്ന് തോന്നിപ്പിക്കുന്ന ജീവി ഓടിപ്പോവുന്നത് കണ്ടിരുന്നു. 3 നായ്ക്കളിൽ പോമറേനിയൻ ഇനത്തിൽ പെട്ട നായയെ കാണാനും ഉണ്ടായിരുന്നില്ല. ഇതിനെ പുലി പിടിച്ചതായാണ് സംശയിക്കുന്നത്.
കാൽപ്പാടുകൾ വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുകയും പുലിയുടേതാകാമെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇപ്പോൾ പുലിയുടെ സാന്നിദ്ധ്യമുണ്ടായതിന് അക്കരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ പുലിയുടെ ആക്രമണം ഉണ്ടായത്. ആറ് കടന്ന് പുലി ഇക്കര വന്നതോടെ ജനങ്ങളും ആശങ്കയിലായിരിക്കുകയാണ്.
ഹെലിബറിയ വള്ളക്കടവിൽ കഴിഞ്ഞ ദിവസങ്ങളിൽ പുലിക്കായി ക്യാമറയും കൂടും സ്ഥാപിച്ചിരുന്നു. ഇപ്പോൾ പുലി ദിശ മാറി യാത്ര തുടരുന്നതായാണ് ജനങ്ങളുടെ ആശങ്ക. കുറ്റിക്കാടുകളിലാണ് പുലി താവളമുറപ്പിച്ചതെന്നാണ് സമീപവാസികൾ പറയുന്നത്. പുലി സാന്നിദ്ധ്യം ഉണ്ടായ സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ രാത്രിയിൽ പട്രോളിംഗ് നടത്തും.