Share this Article
Union Budget
കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിട്ട് അഡ്‌ഹോക് കമ്മിറ്റിക്ക് ചുമതല, കടുത്ത നടപടിയുമായി സിപിഐഎം
വെബ് ടീം
posted on 30-11-2024
1 min read
cpim

കൊല്ലം: കരുനാഗപ്പള്ളിയിലെ വിഭാഗീയതയില്‍ കടുത്ത നടപടിയുമായി സിപിഐഎം. ഏരിയ കമ്മിറ്റി പിരിച്ചുവിട്ട് അഡ്‌ഹോക് കമ്മിറ്റിക്ക് ചുമതല കൈമാറി. ഉള്‍പ്പാര്‍ട്ടി വിഭാഗീയത തെരുവിലേക്കും പരസ്യ പ്രതിഷേധത്തിലേക്കും നീങ്ങിയ സാഹചര്യത്തിലാണ് നടപടി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗങ്ങളിലാണ് തീരുമാനം.

കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിക്ക് കീഴിലെ ഭൂരിഭാഗം ലോക്കല്‍ സമ്മേളനങ്ങള്‍ അലങ്കോലപ്പെട്ടതിന് പിന്നാലെ സേവ് സിപിഐഎം പ്ലക്കാര്‍ഡുകളുമായി വിമത വിഭാഗം തെരുവില്‍ പ്രതിഷേധിച്ച സംഭവത്തെ തുടര്‍ന്നാണ് നടപടി. ജില്ലാ കമ്മിറ്റി അംഗം പി ആര്‍ വസന്തന്‍ നേതൃത്വം നല്‍കുന്ന സംഘം കരുനാഗപ്പള്ളിയിലെ പാര്‍ട്ടിയെ തകര്‍ത്തെന്ന് വിമത വിഭാഗം ആരോപിച്ചിരുന്നു.

ഈയിടെ നടന്ന കുലശേഖരപുരം നോര്‍ത്ത് സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ ഉള്‍പ്പെടെ പൂട്ടിയിട്ടു. ഏകപക്ഷീയമായി ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ തീരുമാനിച്ചതിന് എതിരെയായിരുന്നു പ്രതിഷേധം.

ലോക്കല്‍ കമ്മിറ്റികളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും തെറ്റായ ഒരു പ്രവണതയും അംഗീകരിക്കാന്‍ കഴിയില്ലെന്നും എംവി ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു. കരുനാഗപ്പള്ളിയിലേത് പ്രാദേശിക വിഷയമാണെന്നും ജില്ലയിലാകെയുള്ള പ്രശ്‌നമല്ലെന്നും അദ്ദേഹം വിശദീകരിച്ചു. ടി മനോഹരന്‍ കണ്‍വീനറായാണ് പുതിയ അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചത്. എസ് എല്‍ സജികുമാര്‍, എസ് ആര്‍ അരുണ്‍ ബാബു, പി വി സത്യദേവന്‍, എന്‍ സന്തോഷ്, ജി മുരളീധരന്‍, ബി ഇക്ബാല്‍ എന്നിവര്‍ കമ്മിറ്റിയില്‍ അംഗങ്ങളാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories