ഏഴു വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതിക്ക് 12 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ..ഗുരുവായൂർ കാരേക്കാട് താമസിച്ചിരുന്ന മുണ്ടത്തിക്കോട് പുതുരുത്തി സ്വദേശി 62 വയസുള്ള ഉണ്ണികൃഷ്ണനെയാണ് ചാവക്കാട് അതിവേഗ പ്രത്യേക പോക്സോ കോടതി ശിക്ഷിച്ചത്..
ചാവക്കാട് അതിവേഗം പോക്സോ കോടതി ജഡ്ജി അൻയാസ് തയ്യിൽ ആണ് വിധി പ്രസ്താവിച്ചത്. 2022 ഒക്ടോബർ 19 നാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ പേരക്കുട്ടിയുമായി ഒന്നിച്ച് കളിക്കാൻ വന്ന അതിജീവിതയെ പ്രതി കയ്യിലെ മുറിവ് കെട്ടിക്കൊടുക്കുവനെന്നു പറഞ്ഞു അടുത്തു വിളിച്ച് ലൈംഗിക അതിക്രമം നടത്തി എന്നതാണ് പ്രോസിക്യൂഷൻ കേസ്.
ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിലെ SCPO ആഷയാണ് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തിയത്. ASI ജിജോ ജോൺ കേസ് രജിസ്റ്റർ ചെയ്ത് ആദ്യാന്വേഷണം നടത്തി . ഇൻസ്പെക്ടർ പ്രേമാനന്ദകൃഷ്ണൻ തുടർ അന്വേഷണം നടത്തി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 29 സാക്ഷികളെ വിസ്തരിക്കുകയും 42 രേഖകളും 6 മുതലുകളും ഹാജരാക്കുകയും ചെയ്തു.പിഴ സംഖ്യയായ ഒന്നരലക്ഷം അതിജീവിതയ്ക്ക് നൽകണം.പിഴ അടച്ചില്ലെങ്കിൽ ഒന്നര വർഷംകൂടി തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സിജു മുട്ടത്ത്, നിഷ സി എന്നിവർ ഹാജരായി. 'സിപിഒ മാരായ വിജു , സിന്ധു, പ്രസീത എന്നിവർ കോടതി നടപടികൾ ഏകോപിപ്പിക്കുന്നതിനായി പ്രോസിക്യൂഷനെ സഹായിച്ചു.