തിരുവനന്തപുരം മാറനെല്ലൂരില്‍ കുഴിയില്‍ വീണ അഞ്ചുവയസ്സുകാരിയെ രക്ഷപ്പെടുത്തി അഗ്നിശമന സേന. മാന്‍ഹോളിനായി നിര്‍മ്മിച്ച ദ്വാരത്തിലൂടെ 25 അടി താഴ്ചയുള്ള കുഴിയിലാണ് കുട്ടി അകപ്പെട്ടത്.
തൂങ്ങാം പാറ ആരുമാളൂര്‍ ഗാര്‍ഡന്‍സില്‍ താമസിക്കുന്ന നൗഫിയ ഷിജുലാല്‍ ദമ്പതികളുടെ മകള്‍ സിയ ആണ് സെപ്റ്റിക് ടാങ്കിനായെടുത്ത കുഴിയില്‍ അകപ്പെട്ടത്.
കുഴി മുടാനുപയോഗിച്ച് കോണ്‍ക്രീറ്റ് സ്ലാബിന്റെ മധ്യഭാഗത്തുള്ള മാന്‍ഹോളിലൂടെയാണ് കുട്ടി താഴേക്ക് വീണത്. മാന്‍ഹോളിന്റെ പുറംഭാഗം താത്കാലികമായി ഗ്ലാസ്സിന്റെ ഒരു കഷ്ണം കൊണ്ടാണ് മൂടിയിരുന്നത്.
സ്ലാബിന്റെ പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി യാദൃച്ഛികമായി ഗ്ലാസില്‍ ചവിട്ടിയപ്പോള്‍ ഗ്ലാസ് പൊട്ടി സെപ്റ്റിക് ടാങ്കില്‍ വീഴുകയായിരുന്നു. 25 അടിയോളം ആഴം വരുന്ന കുഴിയില്‍ രണ്ടടിയോളം വെള്ളവും ഉണ്ടായിരുന്നു.
മുതിര്‍ന്ന ആള്‍ക്ക് ഇറങ്ങാന്‍ സാധിക്കാത്ത വലിപ്പത്തിലായിരുന്നു മാന്‍ഹോള്‍ എന്നതാണ് രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമാക്കിയത്. ഇതിനിടെ കുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതോടെ , ഓക്‌സിജന്‍ ടാങ്കും ശ്വസനോപകരണവും എത്തിച്ച് ടാങ്കിനുള്ളിലേക്ക് ഇറക്കിയ ശേഷമാണ് മാന്‍ഹോള്‍ വലുതാക്കാനുള്ള ശ്രമം ആരംഭിച്ചത്.
ഒരാള്‍ക്ക് ഇറങ്ങാന്‍ പാകത്തില്‍ ചുറ്റിക കൊണ്ടടിച്ച് മാന്‍ഹോള്‍ വലുതാക്കിയശേഷം അഗ്നിശമനസേനാംഗമായ വിജിന്‍ കുഴിയിലിറങ്ങി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു.
പൊട്ടിയ ഗ്ലാസില്‍ നിന്ന് കുട്ടിയുടെ കാലിന് പരിക്കേറ്റിട്ടുണ്ടെങ്കിലും ഗുരുതരമല്ല. കുട്ടിയെ നെയ്യാര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.