Share this Article
image
കാന്തല്ലൂരിന്റെ കാര്‍ഷിക സമൃദ്ധിയ്ക്ക് കൂടുതല്‍ അഴകേകി ഇനി ആപ്പിള്‍ കാലം
Kanthalur's agricultural prosperity is further boosted by the apple season

ഇടുക്കി കാന്തല്ലൂരിന്റെ കാര്‍ഷിക സമൃദ്ധിയ്ക്ക് കൂടുതല്‍ അഴകേകി ഇനി ആപ്പിള്‍ കാലം. പഴുത്ത് തുടങ്ങിയ ആപ്പിളുകള്‍ ഒരു മാസത്തിനുള്ളില്‍ വിളവെടുപ്പിന് പാകമാകും.സമൃദ്ധമായി വിളഞ്ഞ് കിടക്കുന്ന ആപ്പിള്‍ മരങ്ങളുടെ കാഴ്ചകളും, റിട്ടയര്‍ ജീവിത കാലത്ത് ആപ്പിള്‍ കൃഷിയില്‍ വിസ്മയം തീര്‍ക്കുന്ന മുന്‍ കെഎസ്ഇബി എഞ്ചിനീയറുടെ കാര്‍ഷിക വിശേഷങ്ങളുമാണ് ഇനി.

കോട മഞ്ഞിന്റെ കുളിര് പറ്റി, നിലയുറപ്പിച്ചിരിയ്ക്കുന്ന ആപ്പിള്‍ മരങ്ങള്‍. കാന്തല്ലൂരിന്റെ  കാര്‍ഷിക വിശേഷങ്ങള്‍ തേടിയെത്തുന്ന ഏതൊരു സഞ്ചാരിയ്ക്കും അവിസ്മരണീയ കാഴ്ചയാണ്, ആപ്പിള്‍ കൃഷിയിടങ്ങള്‍ ഒരുക്കുന്നത്. 

കാന്തല്ലൂരില്‍ ആപ്പിള്‍ കൃഷി വ്യാപകമാക്കുന്നതിന്, മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് കെഎസ്ഇബിയിലെ മുന്‍ എഞ്ചിനീയറായിരുന്ന കുരുവിള. 1995 ഔദ്യോഗിക ജീവിതം അവസാനിച്ചതോടെ ഇദ്ദേഹം കാര്‍ഷിക വൃദ്ധിയിലേയ്ക്ക് തിരിഞ്ഞു. 

2002ല്‍ കാന്തല്ലൂരില്‍ എത്തി. അന്ന് നാമ മാത്രമായി ഇവിടെ ആപ്പിള്‍ മരങ്ങള്‍ ഉണ്ടായിരുന്നത്. കാന്തല്ലൂരിലെ മഞ്ഞിന്റെ സാനിധ്യവും അനുകൂല കാലാവസ്ഥയും മനസിലാക്കി, കുരുവിള പരീക്ഷണാടിസ്ഥാനത്തില്‍ ആപ്പിൾ കൃഷി ആരംഭിയ്ക്കുകയായിരുന്നു. ഹിമാചലില്‍ നിന്ന് തൈ എത്തിച്ചായിരുന്നു തുടക്കം. 

സമൃദ്ധമായി വിളവ് തരുന്ന നാനൂറിലധികം ആപ്പിള്‍ മരങ്ങളാണ് നിലവില്‍ കുരുവിളയുടെ കൃഷിയിടത്തില്‍ ഉള്ളത്. നാല് മുതല്‍ 18 വര്‍ഷം വരെ പ്രായമുള്ളവ ഇവയില്‍ ഉള്‍പ്പെടുന്നു. എച്ച് ആര്‍ എം എന്‍ 99, ട്രോപിക്കല്‍ ബ്യൂട്ടി, ഗോള്‍ഡന്‍ ഡോര്‍ സെറ്റ്, ട്രോപിക്കല്‍ റെഡ് ഡിലീഷ്യസ്, ഇസ്രയേല്‍ വെറൈറ്റിയായ അന്ന തുടങ്ങിയ ഇനങ്ങളാണ് ഇവിടെ കൃഷി ചെയ്യുന്നത്.

ഇതോടൊപ്പം ഗ്രീന്‍ ആപ്പിളും ഉണ്ട്. ട്രോപ്പിക്കലും അധികം മഞ്ഞ് വേണ്ടാത്ത എച്ച് ആര്‍എം എന്നുമാണ് വ്യാപകമായി കൃഷി ചെയ്യുന്നത്. ആപ്പിളിനൊപ്പം പ്ലംസും അവക്കാഡോയും സ്‌ട്രോബെറിയുമൊക്കെ ഇവിടെ പരിപാലിയ്ക്കുന്നു. പൂര്‍ണ്ണമായും ജൈവ കൃഷിയാണ് അവലംബിയ്ക്കുന്നത്.

കാന്തല്ലൂരിന്റെ കാഴ്ചകള്‍ തേടിയെത്തുന്ന സഞ്ചാരികള്‍, ആപ്പിള്‍ തോട്ടം കാണുന്നതിനായി പ്രധാനമായും എത്തുന്നതും കുരുവിളയുടെ കൃഷിയിടത്തിലേയ്ക്കാണ്. നിലവില്‍ പഴുത്ത് തുടങ്ങിയ ആപ്പിളുകള്‍ ഒരു മാസത്തിനുള്ളില്‍ പൂര്‍ണ്ണമായും വിളവെടുപ്പിന് അനുയോജ്യമാകും. മണ്‍സൂണ്‍ ആരംഭിച്ചാലും ആപ്പിള്‍ കാഴ്ചകള്‍ തേടി, സഞ്ചാരികള്‍ കാന്തല്ലൂരിന്റെ കാര്‍ഷിക മണ്ണിലേയ്ക്ക എത്തുമെന്ന് ഉറപ്പാണ്.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories