മാന്നാര്‍ ജയന്തി വധക്കേസില്‍ പ്രതിയായ ഭര്‍ത്താവിന് വധശിക്ഷ. മാന്നാര്‍ ആലുംമൂട്ടില്‍ താമരപ്പള്ളി വീട്ടില്‍ ജയന്തിയെ(39) കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവായ കുട്ടികൃഷ്ണനെ(60) വധശിക്ഷക്കു വിധിച്ചത്. മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി വി.ജി. ശ്രീദേവിയാണ് പ്രതിയെ ശിക്ഷിച്ചത്.
2004 ഏപ്രില്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം.വീട്ടിനുള്ളില്‍വെച്ച് കറിക്കത്തി, ഉളി, ചുറ്റിക എന്നിവ ഉപയോഗിച്ച് ഭാര്യയെ തലയറുത്ത് കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷന്‍ കേസ്. സംഭവത്തിന്റെ തൊട്ടടുത്ത ദിവസം കുട്ടികൃഷ്ണന്‍ മാന്നാര്‍ പോലീസ് സ്റ്റേഷനിലെത്തി ഭാര്യ മരിച്ച വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികൃഷ്ണനാണ് കൊലപാതകം നടത്തിയതെന്ന് തെളിഞ്ഞത്. ജാമ്യം ലഭിച്ച ശേഷം ഒളിവില്‍ പോയ പ്രതിയെ 2023-ലാണ് വീണ്ടും പിടികൂടിയത്.
താന്‍ നിരപരാധിയാണെന്നും പ്രായമായ തനിക്ക് മറ്റാരുമില്ലെന്നും ശിക്ഷയില്‍നിന്ന് ഒഴിവാക്കണമെന്നും പ്രതി കുട്ടിക്കൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. പരമാവധി കുറഞ്ഞ ശിക്ഷ നല്‍കണമെന്നും റിമാന്‍ഡില്‍ കഴിഞ്ഞ കാലയളവ് ശിക്ഷാകാലമായി കണക്കാക്കണമെന്നുമായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം.