Share this Article
കാണാതായ യുവാവിന്‍റെ മൃതദേഹം സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ; ദുരൂഹത ആരോപിച്ച് കുടുംബം
വെബ് ടീം
posted on 26-09-2023
1 min read
BODY OF MISSING YOUTH FOUND IN AWLL AT KOLLAM ANCHAL

കൊല്ലം: അ‍ഞ്ചലിൽ നിന്ന് കാണാതായ യുവാവിന്‍റെ മൃതദേഹം പുനലൂരിനു സമീപം കരവാളൂരിൽ സ്വകാര്യ വ്യക്തിയുടെ നിർമ്മാണം നടക്കുന്ന വീടിന്റെ കിണറ്റിൽ കണ്ടെത്തി.  അഞ്ചൽ ഒറ്റത്തെങ്ങ് സ്വദേശിയായ 21 കാരൻ സജിൻഷായാണ് മരിച്ചത്. മരണത്തിൽ ദുരൂഹതയാരോപിച്ച് സജിൻഷായുടെ ബന്ധുക്കൾ രംഗത്തെത്തി.

അ‍ഞ്ചൽ പത്തടി ഒറ്റത്തെങ്ങ് സ്വദേശി സജിൻഷായെ സെപ്റ്റംബർ 19 മുതലാണ് കാണാതായത്. ഇയാളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ അഞ്ചൽ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് കരവാളൂർ പുത്തൂത്തടം ജംഗ്ഷന് സമീപത്ത് സ്വകാര്യ വ്യക്തിയുടെ ആൾത്താമസമില്ലാത്ത വീടിന്‍റെ കിണറ്റിൽ സജിൻഷായുടെ മൃതദേഹം കണ്ടെത്തിയത്. ഇതിനു പിന്നാലെ സജിൻഷായെ അപകടപ്പെടുത്തിയതാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. 

സജിൻഷായ്ക്കൊപ്പം ഒരു പെൺകുട്ടിയെ കാണാതായിട്ടുണ്ടെന്ന് ആരോപിച്ച് പെൺകുട്ടിയുടെ ബന്ധുക്കൾ വീട്ടിലെത്തി വധഭീഷണി മുഴക്കിയിരുന്നതായി മാതാവ് പറഞ്ഞു. കാണാതായ ദിവസം മാതാവുമായി സംസാരിച്ച ശേഷം സജിൻഷായുടെ ഫോൺ സ്വിച്ച് ഓഫ് ആയി. സംസാരിക്കുന്നതിനിടെ വലിയ ബഹളം കേട്ടിരുന്നുവത്രെ. മകനെ അപകടപ്പെടുത്തിയെന്ന് സംശയിക്കുന്നതായി മാതാപിതാക്കൾ പറഞ്ഞു.

തിങ്കളാഴ്ച രാത്രി മൃതദേഹം കണ്ടെത്തുമ്പോൾ നാലു ദിവസത്തെ പഴക്കമുണ്ടായിരുന്നു. സജിൻഷായ്ക്കൊപ്പം ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന പെൺകുട്ടിയെ പിന്നീട് ബന്ധുവീട്ടിൽ നിന്ന് കണ്ടെത്തി. അഞ്ചൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories