ആലപ്പുഴ മാന്നാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി.കെ. ശ്രീദേവിയമ്മയുടെ മരണത്തിനിടയാക്കിയ സാമ്പത്തിക തട്ടിപ്പുകാരുടെ ഇരയായവര്‍ നിരവധി. രണ്ട് സ്ത്രീകളുള്‍പ്പെടെ മൂന്നംഗ സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് തട്ടിപ്പിന് ഇരയായവര്‍ പറയുന്നു.
കഴിഞ്ഞ ഒരു വര്‍ഷക്കാലമായി മാന്നാറിലും പരിസര പ്രദേശങ്ങളിലുമായി നിരവധി പേരാണ് സാമ്പത്തിക തട്ടിപ്പിന് ഇരയായത്. മാന്നാറിലെ മുന്‍ വനിത പഞ്ചായത്ത് അംഗം ഉഷ ഗോപാലകൃഷ്ണന്‍, സാറാമ്മ ലാലു, വിഷ്ണു എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് ഉയരുന്ന ആക്ഷേപം.
കഴിഞ്ഞ കുറച്ചു വര്‍ഷത്തിനിടെ മാന്നാര്‍, ചെന്നിത്തല പ്രദേശങ്ങളിലെ നാട്ടുകാരില്‍ പലരില്‍ നിന്നുമായി മൂന്നു കോടിയിലേറെ രൂപയാണ് മൂവര്‍ സംഘം തട്ടിയെടുത്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും സംഘം സമാന രീതിയില്‍ തട്ടിപ്പ് നടത്തിട്ടുണ്ടെന്നാണ് വിവരം.
പണം തട്ടിയതിന് പിന്നാലെ തട്ടിപ്പ് സംഘത്തിന്റെ ഭീഷണിയും വിവരം പുറത്തറിഞ്ഞാല്‍ ഉണ്ടാകുന്ന അപമാനവും ഭയന്ന് പലരും തട്ടിപ്പ് വിവരം പുറത്ത് പറയാന്‍ മടിച്ചു.
കഴിഞ്ഞ മെയ് മാസത്തില്‍ മാന്നാര്‍ കുരട്ടിക്കാട് പ്രദേശവാസിയായ വീട്ടമ്മ സംഘത്തിന്റെ തട്ടിപ്പിനിരയായി ജീവനൊടുക്കിയിരുന്നു. സംഘം യുവതിയുടെ വസ്തുവിന്റെ ആധാരം വാങ്ങി പണയം വെച്ച് പണം തട്ടുകയായിരുന്നു. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ഭര്‍ത്താവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് പണം തിരികെ ചോദിച്ചപ്പോള്‍ പണം നല്‍കിയില്ല.
ഗുരുതരാവസ്ഥയിലായിരുന്ന ഭര്‍ത്താവ് ചികിത്സയിലിരിക്കെ മരിച്ചതിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ വീട്ടമ്മ ജീവനൊടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സാമ്പത്തിക തട്ടിപ്പിന് ഇരയായ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവിയമ്മ ആത്മഹത്യ ചെയ്ത വാര്‍ത്തകള്‍ പുറത്ത് വന്നതോടെയാണ് പരാതിയുമായി നിരവധിപേര്‍ രംഗത്തെത്തിയത്.
വിമുക്തഭടന്‍ മാന്നാര്‍ കുരട്ടിക്കാട് സ്വദേശി എ. സി ശിവന്‍ പിള്ളയുടെ സ്വര്‍ണവും പണവും ഉള്‍പ്പടെ 60 ലക്ഷത്തോളം രൂപയാണ് സംഘം തട്ടിയെടുത്തത്. താനിപ്പോള്‍ വാടക വീട്ടിലണെന്നും ഇനി എന്ത് ചെയ്യണമെന്ന അറിയില്ലെന്നും ശിവന്‍ പിള്ള പറയുന്നു.
തട്ടിപ്പിനിരയായതോടെ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. കൂടാതെ തട്ടിപ്പിനിരയായ മറ്റ് നിരവധിപേര്‍ വരും ദിവസങ്ങളിലും പൊലീസിനെ സമീപിക്കാനൊരുങ്ങുകയാണ്.