പാലക്കാട്: വീട്ടുകാർ കാണാതെ പിഞ്ചുകുഞ്ഞ് കുറച്ചധികം ദൂരം നടന്ന് വീടിന് മുന്നിലെ റോഡിലേക്ക് ഇറങ്ങി. പാലക്കാട് ജില്ലയിലെ ഒന്നാന്തിപടിയിലാണ് സംഭവം. കൊപ്പം - വളാഞ്ചേരി പാതയിലേക്കാണ് വീട്ടിൽ നിന്നും കുട്ടി ഇറങ്ങിയത്. ഇതുവഴി പോയ കാറിലെ യാത്രക്കാർ അവസരോചിതമായി ഇടപെട്ടതിനാൽ കുട്ടിക്ക് അപായമൊന്നും സംഭവിച്ചില്ല. കാർ പെട്ടെന്ന് നിർത്തി പുറത്തിറങ്ങിയ യുവാക്കൾ കുട്ടിയെ എടുത്ത് തിരികെ വീട്ടിലാക്കി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഒരു വയസ് മാത്രം പ്രായമുള്ള റിഷിബാൻ എന്ന കുട്ടിയാണ് റോഡിലേക്ക് ഇറങ്ങിയത്.
ഒക്ടോബർ 28 നാണ് സംഭവം നടന്നത്. കുട്ടി നടന്നുതുടങ്ങിയതേയുള്ളൂവെന്നാണ് ബന്ധുക്കളിൽ നിന്ന് ലഭിക്കുന്ന വിവരം. കുട്ടിയും ഉമ്മയും മാത്രമാണ് വീട്ടിലുള്ളത്. പിതാവ് വിദേശത്താണ്. ഉമ്മ കാണാതെ വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ കുട്ടി റോഡിലേക്ക് നടന്നു പോവുകയായിരുന്നു. പല വാഹനങ്ങളും കുട്ടിയെ തൊട്ടു-തൊട്ടില്ലെന്ന മട്ടിൽ കടന്നുപോയി. പിന്നിൽ അതിവേഗത്തിലെത്തിയ കാറിലെ യാത്രക്കാർ കുട്ടിയെ കടന്നുപോയി. ഇവർ പിന്നീട് തിരികെ വന്നു. യാത്രക്കാരിൽ ഒരാൾ കുട്ടിയെ എടുത്ത് തിരികെ വീട്ടിലാക്കുകയായിരുന്നു.
KL 54 N 5539 കാറിലെത്തിയ യാത്രക്കാരാണ് കുട്ടിയെ രക്ഷിച്ചത്. ഈ യാത്രക്കാർ ആരാണെന്ന് വ്യക്തമായിട്ടില്ല. പൊന്നാനി രജിസ്ട്രേഷനിലുള്ള കാറിലെത്തിയ യാത്രക്കാരെ തിരികെ നാട്ടിലെത്തിയാൽ നേരിൽ കാണുമെന്ന് കുട്ടിയുടെ പിതാവ് പ്രതികരിച്ചു. വാഹനത്തിലുണ്ടായിരുന്നവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും പിതാവ് അറിയിച്ചു.