കോഴിക്കോടിന്റെ തീരപ്രദേശമായ ഗോതീശ്വരത്ത് നാളുകളായി തുടരുന്ന കടലാക്രമണ ഭീഷണി ഇന്നും ഒഴിയുന്നില്ല. കടൽ ഭിത്തി നിർമ്മാണമില്ലാത്തതതും തകർന്ന കടൽഭിത്തി പുനസ്ഥാപിക്കാത്തതുമാണ് പ്രദേശവാസികൾക്ക് ആശങ്ക സൃഷ്‌ടിക്കുന്നത്.
എന്നാൽ ജലവിഭവ വകുപ്പ് സമർപ്പിച്ച പദ്ധതിക്ക് ഫണ്ട് അനുവദിക്കാത്തതാണ് കടൽ ഭിത്തി നിർമ്മാണം വൈകാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
പ്രദേശം മുഴുവനായി കടലെടുക്കാമെന്ന ഭീഷണി, കടലാക്രമണം മൂലം പൊട്ടിപൊളിഞ്ഞ റോഡുകൾ.തീരദേശ പ്രദേശമായ ഗോതീശ്വരത്തെ 30 ലേറെ കുടുംബങ്ങൾ കുറച്ച് അധികം കാലമായി കഴിയുന്നതിങ്ങനെയാണ്.
പ്രശസ്തമായ ഗോതീശ്വരം ക്ഷേത്രം മുതൽ ഗോതീശ്വരം ശ്മശാനം വരെയുള്ള റോഡ് ഏതുനിമിഷവും പൂർണ്ണമായും പൊട്ടിപ്പൊളിയാം എന്ന നിലയിലാണ്. കരിങ്കല്ലുകൊണ്ട് തീർക്കുന്ന ഗാബിയോൺ ബോക്സ് മാതൃകയിൽ വരെ സംരക്ഷണഭിത്തി നിർമ്മിച്ചെങ്കിലും ശക്തമായ തിരയിൽ ഇവയും തകരുകയായിരുന്നു. കടൽഭിത്തി ഇല്ലാത്തതുമൂലം, ചെറിയൊരു തള്ളികയറ്റം ഉണ്ടായാൽ പോലും വെള്ളം തീരത്തെക്കെത്തുന്ന അവസ്ഥയാണിപ്പോൾ.
എന്നാൽ ഇതിനെല്ലാം പരിഹാരം തേടുന്ന തീരദേശവാസികൾക്ക് മുന്നിലെ യാഥാർത്ഥ്യം 2021ലെ ചുഴലിക്കാറ്റിൽ തകർന്ന റോഡുകൾ പോലും ഇതുവരെ പുനസ്ഥാപിച്ചിട്ടില്ലെന്നാതാണ്. ചുഴലിക്കാറ്റ് വേളയിൽ അധികൃതർ ഇടപെട്ട് തീരത്ത് താൽക്കാലിക സുരക്ഷ ഒരുക്കിയെങ്കിലും റോഡ് സഞ്ചാരയോഗ്യമാക്കാനുള്ള നടപടികൾ നീളുകയാണ്. കാലവർഷം എത്തിയതോട് കൂടി ദുരിതത്തിന്റെ കാഡിന്യം വർധിക്കും.