ഈച്ച ശല്യത്തിൽ പൊറുതിമുട്ടി തൃശൂർ കുരിയച്ചിറ നിവാസികൾ. കോർപ്പറേഷൻ ജൈവമാലിന്യ പ്ലാന്റിന്റെ ആശാസ്ത്രീയ നടത്തിപ്പാണ് ജനങ്ങളെ ദുരിതത്തിലാക്കിയത്. കുഞ്ഞ് കുട്ടികൾ ഉൾപ്പെടെ നിരവധിപേരുള്ള പ്രാദേശത്താണ് ഈച്ച ശല്യം രൂക്ഷം ആയിട്ടുള്ളത്. ഈച്ച ശല്യംകാരണം വീടുകളിൽ ഭക്ഷണം പോലും പാകം ചെയ്യാനാവാതെ വലയുകയാണ് നാട്ടുകാർ.
അതിരൂക്ഷമായ ഈച്ച ശല്യമാണ് പ്രാദേശത്ത്. ആയിരക്കണക്കിന് ഈച്ചകളാണ് വീടുകൾ തോറും പാറി നടക്കുന്നത്. കുടിക്കാൻ വെള്ളമെടുത്താൽ പോലും അതിൽ ഈച്ചകളുണ്ടാകും. ഈച്ചയെ പിടികൂടാൻ പശ പുരട്ടിയ പേപ്പറുകൾ ഓരോ വീടുകളിലും സ്ഥാപിച്ചിട്ടുണ്ട്.
കുരിയിച്ചിറയിൽ കോർപ്പറേഷൻ സ്ഥാപിച്ച ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് കാരണം ബുദ്ധിമുട്ടനുഭവിക്കുന്നത് നിരവധി ജനങ്ങളാണ്. രോഗങ്ങൾ വരാൻ തുടങ്ങിയതിനെ തുടർന്ന് പലരും താമസം മാറി പോകുവാൻ തുടങ്ങി. കോർപ്പറേഷന്റെ ജൈവ മാലിന്യ സംസ്കരണ പ്ലാന്റിന്റെ ആശാസ്ത്രീയമായ പരിചരണമാണ് ഇതിനു കാരണമെന്നാണ് നാട്ടുകാർ പറയുന്നത്..
ഈച്ച ശല്യം കാരണം ഭക്ഷണം പാകം ചെയ്യാൻ പോലും പറ്റാത്ത അവസ്ഥയിലാണ് വീട്ടമ്മമാർ.കുട്ടികൾ ഉള്ള വീടുകളിലെ മാതാപിതാക്കളും ഈച്ച ശല്യം കാരണം ഭീതിയിലാണ്.
നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും വീടുകളും ഉള്ള പ്രദേശമായ കുരിയച്ചിറയെ അധികാരികൾ മനഃപൂർവം ദുരിതത്തിലാക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. വർഷങ്ങൾക്ക് മുൻപ് അറവ് ശാലയ്ക്കെതിരെ ജനങ്ങൾ സമരം സംഘടിപ്പിച്ചിരുന്നു. ഇന്ന് ജൈവ മാലിന്യ പ്ലാന്റിനെതിരെയും ജനങ്ങൾ സമര രംഗത്തേയ്ക്ക് വരികയാണ്.