കര്‍ക്കിടക ദുരിതത്തെ ആവാഹിച്ചും ആധിവ്യാധികള്‍ ഉഴിഞ്ഞുമാറ്റാനും ഇക്കുറിയും ആടിവേടനെത്തി.ചെമ്പട്ട് ഉടയാടകള്‍ അണിഞ്ഞ് നിഷ്‌കളങ്കമായി വീടുകള്‍ കയറി ഇറങ്ങുന്ന കര്‍ക്കടകത്തെയ്യങ്ങള്‍ ഉത്തരമലബാറിന്റെ പാരമ്പര്യ തനിമയാര്‍ന്ന ആചാരമാണ്. നെല്ലും അരിയും കാഴ്ച്ചവചാണ് വിശ്വാസികള്‍ കുട്ടിതെയ്യത്തെ വരവേറ്റത്.
ചെണ്ടമുട്ടിന്റെ അകമ്പടിയോടെ, കുഞ്ഞുമനസില്‍ പരിഭ്രമമൊന്നുമില്ലാതെ പ്രയാണ്‍ വീടുകള്‍ കയറിയിറങ്ങി അനുഗ്രഹം ചൊരിഞ്ഞു. ചെമ്പട്ടും മെയ്യാഭണങ്ങളുമണിഞ്ഞ കുട്ടിത്തെയ്യം... ചുവപ്പും കറുപ്പും വെള്ളയും ചേര്‍ന്ന മുഖത്തെഴുത്ത്... തിരുമുടിയില്‍ നാഗ ബിംബവുമായാണ് കുട്ടിവേടന്‍തെയ്യം ഗൃഹസന്ദര്‍ശനത്തിനെത്തിയത്.
ചെണ്ടയുടെ ചുവട്പിടിച്ച് വാദ്യക്കാരന്‍ പാടുന്ന വേടന്‍പ്പാട്ടിന്റെ താളത്തില്‍ ആടിവേടന്‍ ആടുമ്പോള്‍, വീടുകളില്‍ കൊടുകുത്തി വാഴുന്ന വിനാശകാരിയായ ചേഷ്ട മാറിപ്പോയി ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും അധിദേവതയായ ലക്ഷ്മീദേവി കുടിയിരിക്കുമെന്നാണ് വിശ്വാസം.
കരിവെള്ളൂര്‍ ഹരിഹരന്‍ പെരുമലയന്റെ ചെറുമകനും, പ്രശാന്ത് - അനുപമ ദമ്പതികളുടെ മൂത്ത മകനുമായ പ്രയാണ്‍ പ്രശാന്താണ് ഇത്തവണ ആടിവെടന്റെ വേഷമണിഞ്ഞ് നാട്ടുവഴികളിലിറങ്ങിയത്. ഓലാട്ട് സ്‌ക്കൂളിലെ പ്രീപ്രൈമറി വിദ്യാര്‍ത്ഥിയാണ് പ്രയാണ്‍.
കര്‍ക്കടകം 16 മുതലാണ് ആടിവേടന്‍ വീടുകളിലെത്തുന്നത്. പാര്‍വ്വതി സങ്കല്‍പ്പത്തില്‍ കെട്ടിയാടുന്ന ആടിയും, പരമേശ്വര സങ്കല്‍പ്പത്തിലെ വേടനും ചേര്‍ന്നതാണ് ആടിവേടന്‍ തെയ്യം. മണിക്കിലുക്കത്തോടെ വീട്ടുമുറ്റത്തെത്തുന്ന ആടിവേടന്‍, വീട്ടിലെ ചേഷ്ടട്ടയെ ഗുരുശി കലക്കി മറിച്ച് അകറ്റുന്നതാണ് പ്രധാന ചടങ്ങ്.