കളമശ്ശേരി: കങ്ങരപ്പടിയിൽ പുല്ലുവെട്ടുകയായിരുന്ന തൊഴിലാളിക്ക് മലമ്പാമ്പ് ചുറ്റിവരിഞ്ഞ് പരിക്കേറ്റു. അളമ്പിൽ വീട്ടിൽ സന്തോഷിനാണ് മലമ്പാമ്പ് ചുറ്റിവരിഞ്ഞ് പരിക്കേറ്റത്. സന്തോഷിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കങ്ങരപ്പടി ബസാറിനടുത്ത് തച്ചംവേലിമല റോഡിൽ കാവുങ്ങമൂലയിൽ റെജി വർഗീസിന്റെ പറമ്പിൽ വെള്ളിയാഴ്ച രാവിലെ യന്ത്രം ഉപയോഗിച്ച് പുല്ലുവെട്ടുകയായിരുന്ന സന്തോഷിന്റെ കാലിൽ 9.30 ഓടെയാണ് പാമ്പ് ചുറ്റിയത്.
പാമ്പ് ചുറ്റിവരിഞ്ഞതോടെ തറയിൽവീണ സന്തോഷ് പാമ്പിന്റെ വാലിൽപ്പിടിച്ച് കുടഞ്ഞ് പിടിവിടീക്കുകയായിരുന്നു.
സന്തോഷിന്റെ ഇടതുകാലിന്റെ മാംസപേശി തകർന്നു. രണ്ട് ഒടിവുകളുമുണ്ട്. സ്നേക്ക് െറസ്ക്യൂവർ രൂപേഷ് അഞ്ചുമന സ്ഥലത്തെത്തിയെങ്കിലും പ്രദേശത്തെങ്ങും പാമ്പിനെ കണ്ടെത്താനായില്ല. വീട്ടുവളപ്പിൽ ഒരു വർഷത്തിനിടെ കണ്ടെത്തിയ അഞ്ചാമത്തെ മലമ്പാമ്പാണിത്. പാമ്പ് തൊട്ടടുത്ത പെരിയാർവാലി കനാൽ വഴി എത്തിയതാണെന്ന് റെജി പറഞ്ഞു.