തൃശൂര്‍ മാള കൊമ്പത്തുകടവില്‍ ചെണ്ടുമല്ലി കൃഷി ചെയ്ത് വിജയഗാഥ രചിച്ചിരിക്കുകയാണ് റിട്ടയേഡ് ബാങ്ക് ഉദ്യോഗസ്ഥന്‍. ഒരേക്കറോളം സ്ഥലത്താണ് ഓണ വിപണി ലക്ഷ്യമിട്ട് പൂ കൃഷി ചെയ്തിരിക്കുന്നത്.
കൊമ്പത്ത് കടവ് കിഴക്കൂട്ട് വീട്ടില്‍ ആന്‍ഡ്രൂസ് ആണ് ജോലിയില്‍ നിന്നും വിരമിച്ച ശേഷം കൃഷിയിലേക്ക് തിരിഞ്ഞത്. തൊഴിലാളികളുടെ സഹായത്തോടെയാണ് കൃഷി ആരംഭിച്ചത്.
ആദ്യ കാലത്ത് മഞ്ഞള്‍ , ഇഞ്ചി ,പച്ചക്കറികള്‍ എന്നിവയാണ് കൃഷി ചെയ്തിരുന്നത്. സ്വന്തമായി മഞ്ഞള്‍ കൃഷി ചെയ്ത് അത് പൊടിച്ച് വില്പനയാണ് പ്രധാനമായും ആന്‍ഡ്രൂസ് ചെയുന്നത്. എന്നാല്‍ ഇത്തവണ ഒരു പരീക്ഷണം എന്ന രീതിയിലാണ് പൂ കൃഷിയിലേക്ക് തിരിഞ്ഞത്.
ജൂണ്‍ മാസം അവസാനത്തോടെയാണ് മതിലകത്തെ നഴ്സറിയില്‍ നിന്നും രണ്ടായിരത്തോളം ഒരു മാസം പ്രായമായ ചെണ്ടുമല്ലി തൈകള്‍ വാങ്ങുകയും നട്ടുകയും ചെയ്തത്.
ജൈവ വളം അടിവളമായി ഉപയോഗിച്ചായിരുന്നു കൃഷി. ചെടികളെല്ലാം വിളവെടുപ്പിന് പാകമായി വിളവെടുപ്പ് ആരംഭിച്ചു. കിലോക്ക് 100 രൂപ നിരക്കിലാണ് വില്‍പ്പന നടത്തുന്നത് . പൂക്കൃഷിയുടെ ഇടവിളയായി കൂര്‍ക്കയും നട്ടിട്ടുണ്ട് ആന്‍ഡ്രൂസ്.