പുലിമുട്ട് നിര്‍മാണം പാതിവഴിയില്‍ മുടങ്ങിയതോടെ അഴിമുഖം അടഞ്ഞ് ദുരിതത്തിലായിരിക്കുകയാണ് കണ്ണൂര്‍ പാലക്കോട് ഫിഷ് ലാന്റിംഗ് സെന്ററിലെയും പുതിയങ്ങാടിയിലേയും മത്സ്യത്തൊഴിലാളികള്‍. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി വള്ളങ്ങളാണ് പാലക്കോട് ഹാര്‍ബറിലും പാലക്കോട് പുഴയിലും കുടുങ്ങിയത്.
75 ഓളം ബോട്ടുകളും 600 ലേറെ മല്‍സ്യത്തൊഴിലാളികളും പാലക്കോട് ഹാര്‍ബറിനെ ആശ്രയിക്കുന്നുണ്ട്. പാലക്കോട് ഫിഷ് ലാന്റിംഗ് സെന്റര്‍ കേന്ദ്രീകരിച്ചും പുതിയങ്ങാടി കേന്ദ്രീകരിച്ചും മത്സ്യ ബന്ധനം നടത്തുന്ന ബോട്ടുകള്‍ പാലക്കോട് പുഴയിലാണ് നിര്‍ത്തിയിടാറുള്ളത്.
മണലടിഞ്ഞ് അഴിമുഖം അടഞ്ഞതോടെ ബോട്ടുകള്‍ക്ക് കടലിലേക്കിറങ്ങാന്‍ സാധിക്കാതെയായി. പുലിമുട്ട് നിര്‍മാണം പൂര്‍ത്തിയായാല്‍ അഴിമുഖം അടയുന്ന പ്രശ്നം പരിഹരിക്കാമെന്നാണ് കരുതിയിരുന്നതെങ്കിലും, അടുത്ത കാലത്തൊന്നും നിര്‍മാണം പൂര്‍ത്തിയാകില്ല എന്നതാണ് സ്ഥിതി.
മൂന്നു വര്‍ഷം മുന്‍പാണ് പുലിമുട്ട് നിര്‍മാണം തുടങ്ങിയത്. ഒന്നര വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കുമെന്നാണ് പ്രവര്‍ത്തി തുടങ്ങുമ്പോള്‍ പറഞ്ഞിരുന്നത്. എന്നാല്‍ പ്രവൃത്തി മൂന്നു വര്‍ഷം നീണ്ടു. മൂന്നു മാസം മുന്‍പ് നിലയ്ക്കുകയും ചെയ്തു. അഴിമുഖം മണലടിഞ്ഞ് അടയുകയും ചെയ്തു. എത്രയും വേഗം മണല്‍ തിട്ട നീക്കം ചെയ്യണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.