ബസിനുള്ളില്‍ കിടന്നു കിട്ടിയ സ്വര്‍ണ്ണമാല ഉടമസ്ഥന് തിരികെ നല്‍കി മാതൃകയായിരിക്കുകയാണ് രണ്ട് സ്വകാര്യബസ് ജീവനക്കാര്‍.ഇടുക്കി മാങ്കുളം അടിമാലി കോതമംഗലം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ആരാധന ബസിലെ ജീവനക്കാരാണ് കളഞ്ഞു കിട്ടിയ വിദ്യാര്‍ത്ഥിനിയുടെ സ്വര്‍ണ്ണമാല തിരികെ നല്‍കിയത്.
കഴിഞ്ഞ ദിവസമായിരുന്നു അടിമാലിയില്‍ നിന്നും കോതമംഗലത്തേക്ക് സ്വകാര്യ ബസായ ആരാധന സര്‍വ്വീസ് നടത്തുന്നതിനിടയിലായിരുന്നു വിദ്യാര്‍ത്ഥിനിയുടെ സ്വര്‍ണ്ണമാല ബസിനുള്ളില്‍ വച്ച് നഷ്ടപ്പെട്ടത്.ഇരുമ്പുപാലത്തു നിന്നും ഒരു കൂട്ടം വിദ്യാര്‍ത്ഥിനികള്‍ ബസില്‍ കയറിയിരുന്നു.
ഇതില്‍ കോളനിപ്പാലത്ത് ഇറങ്ങിയ വിദ്യാര്‍ത്ഥിനിയുടെ മാലയായിരുന്നു നഷ്ടമായത്.ബസ് നേര്യമംഗലത്തെത്തിയപ്പോള്‍ വിദ്യാര്‍ത്ഥിനിയുടെ ബന്ധുവെത്തി മാല നഷ്ടപ്പെട്ട വിവരം ബസ് ജീവനക്കാരെ അറിയിച്ചു.സര്‍വ്വീസിനിടെ ജീവനക്കാര്‍ ബസിനുള്ളില്‍ ആദ്യം തിരച്ചില്‍ നടത്തിയെങ്കിലും മാല കണ്ടെത്താനായില്ല.
പിന്നീട് ബസിന്റെ ഡോറിനരികില്‍ നിന്നും മാല കണ്ടെത്തുകയും തിരികെ അടിമാലിയിലേക്കുള്ള സര്‍വ്വീസിനിടയില്‍ വിദ്യാര്‍ത്ഥിനിയുടെ ബന്ധുക്കള്‍ക്ക് ബസ് ജീവനക്കാര്‍ മാല കൈമാറുകയും ചെയ്തു.
ബസിലെ കണ്ടക്ടറായ പോത്താനിക്കാട് സ്വദേശി അഖില്‍, ഡ്രൈവറായ മാങ്കുളം സ്വദേശി ക്രിസ്‌റ്റോ എന്നിവരാണ് കളഞ്ഞു കിട്ടിയ മാല ഉടമസ്ഥന് തിരികെ നല്‍കി മാത്യകയായത്.ബസ് ജീവനക്കാരുടെ പ്രവര്‍ത്തിക്ക് അഭിനന്ദനമര്‍പ്പിച്ച് നവമാധ്യമങ്ങളിലും നിരവധിയാളുകള്‍ എത്തി.