കൊല്ലം ചിതറയിൽ കുരുന്നുകളോടും ക്രൂരത. അംഗനവാടികളിലെ കുഞ്ഞുങ്ങളുടെ കുടിവെള്ള കണക്ഷൻ കട്ട് ചെയ്ത് വാട്ടർ അതോറിറ്റി. പഞ്ചായത്ത് കുടിവെള്ളത്തിന് പണം അടക്കാത്തതാണ് വാട്ടർ അതോറിറ്റിയുടെ നടപടിക്ക് കാരണം.
ചിതറ ഗ്രാമപഞ്ചായത്തിലെ അംഗനവാടികളിലെ കൂരുന്നുകൾക്കുള്ള കുടിവെള്ളമാണ് വാട്ടർ അതോറിറ്റി മുടക്കിയത്. പഞ്ചായത്ത് ബില്ല് അടച്ചില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ കുടിവെള്ള കണക്ഷൻ കട്ട് ചെയ്യുന്നത്. ഇതോടെ അംഗനവാടികളുടെ പ്രവർത്തനം പ്രതിസന്ധിയിലാവുകയാണ്
ചിതറ ഗ്രാമപഞ്ചായത്തിൽ 46 അംഗനവാടികളിലായി 500 ലധികം കുട്ടികളാണ് പഠിക്കുന്നത്. ബില്ലടയ്ക്കാതെയുള്ള പഞ്ചായത്തിന്റെ ഗുരുതരമായ അനാസ്ഥയാണ് കുരുന്നുകളുടെ കുടിവെള്ളം മുടക്കാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.
പഞ്ചായത്തിലെ മിക്ക അംഗനവാടികളും വെള്ളത്തിനായി പൈപ്പ് ലൈൻ ആണ് ആശ്രയിക്കുന്നത്.വാട്ടർ അതോറിറ്റിയുടെയും പഞ്ചായത്തിന്റെയും നടപടി പ്രദേശത്ത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്