തൃശ്ശൂരിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ ദമ്പതികൾ അറസ്റ്റിലായി. തൃശ്ശൂര്‍ മതിലകം കൂളിമുട്ടം തട്ടുങ്ങൽ സ്വദേശി 43 വയസ്സുള്ള നൗഷാദ് , ഭാര്യ 38 വയസ്സുള്ള ജാസ്മിൻ എന്നിവരെയാണ് കയ്പമംഗലം എസ്.എച്ച്.ഒ കൃഷ്ണ പ്രസാദും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരു മാസത്തിനിടെ 4 സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വച്ച് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്.
സ്ഥാപന ഉടമയുടെ പരാതിയിലാണ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്‌തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്‌തു. എസ്.ഐമാരായ സൂരജ്, ജെയ്‌സൺ, സീനിയർ സി.പി.ഒമാരായ മുഹമ്മദ് റാഫി, പ്രിയ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.