Share this Article
നൂറനാടില്‍ മണ്ണെടുപ്പിനെതിരെ പ്രതിഷേധം; നാട്ടുകാരും പൊലീസും തമ്മില്‍ വീണ്ടും സംഘര്‍ഷം
വെബ് ടീം
posted on 09-11-2023
1 min read
PROTEST AGAINST SOIL MINING AT NOORANADU

ആലപ്പുഴ:  നൂറനാട് മറ്റപ്പള്ളിയില്‍ ദേശീയപാത നിര്‍മാണത്തെ ചൊല്ലി നാട്ടുകാരും പൊലീസും തമ്മില്‍ വീണ്ടും സംഘര്‍ഷം. രാവിലെ സമരക്കാർക്കെതിരെ പോലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് മാവേലിക്കര എം.എൽ.എ അരുൺകുമാറിൻ്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ച സ്ത്രീകൾ അടക്കമുള്ളവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.മണ്ണെടുക്കലിനെതിരെ പ്രതിഷേധം ശക്തമാക്കിയ നാട്ടുകാർ പുലര്‍ച്ചെ മണ്ണെടുക്കാന്‍ വന്ന ലോറികള്‍ തടഞ്ഞു. പ്രദേശവാസികൾ പ്രതിഷേധം കടുപ്പിച്ചതോടെ പൊലീസ് ലാത്തി വീശി. തുടർന്ന് ശക്തമായ പ്രതിഷേധം ഉയർത്തിയ സ്ത്രീകളടക്കമുള്ള  40ഓളം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയശേഷം മണ്ണെടുപ്പ് തുടരുകയായിരുന്നു.തുടർന്നാണ് എം.എൽ.എയുടെ നേതൃത്വത്തിൽ കായംകുളം-പുനലൂർ റോഡിലെ പ്രതിഷേധ മാർച്ചിനിടെ പൊലീസുമായി സംഘർഷമുണ്ടായത്. 

സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ മാവേലിക്കര എംഎൽഎ അരുൺ കുമാർ നേതൃത്വം നൽകി.പൊലീസ് മണ്ണ് മാഫിയയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും പൊലീസ് ജനങ്ങൾക്കൊപ്പം നിൽക്കണമെന്നും അരുൺ കുമാർ പറഞ്ഞു. സ്ത്രീകൾ ഉൾപ്പടെയുളള പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.പ്രദേശത്തെ മണ്ണെടുപ്പിനെതിരേ നാട്ടുകാര്‍ ഏറെ നാളായി പ്രതിഷേധത്തിലാണ്. മണ്ണെടുപ്പ് മൂലം കുടിവെള്ള ടാങ്ക് തകരുമെന്ന് ആരോപിച്ച്‌ പ്രദേശവാസികള്‍ നേരത്തേ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു.മണ്ണെടുപ്പിന് കോടതി പോലീസ് സംരക്ഷണവും ഏര്‍പ്പെടുത്തി. ദേശീയപാത നിര്‍മാണത്തിനുവേണ്ടിയുള്ള മണ്ണെടുപ്പായതിനാല്‍ സര്‍ക്കാരും ഇതിന് അനുമതി നല്‍കുകയായിരുന്നു. വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമായി തുടരാനാണ് നാട്ടുകാരുടെ തീരുമാനം.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories