കൂടൽ: പത്തനംതിട്ടയിൽ കാറപകടത്തിൽ രണ്ട് മരണം. കാർ നിയന്ത്രണം തെറ്റി ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞാണ് അപകടം ഉണ്ടായത്. പത്തനംതിട്ട കൂടൽ ഇഞ്ചപ്പാറയിലാണ് അപകടം ഉണ്ടായത്. തമിഴ്നാട് മാർത്താണ്ഡം സ്വദേശികളായ ബിപിനും വാസന്തിയുമാണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു.
മകന്‍ സുമിത്തിനെ യാത്രയാക്കി വിമാനത്താവളത്തിൽ നിന്ന് മടങ്ങിവരവേ കൂടൽ ഇഞ്ചപ്പാറ ജങ്ഷനിൽവച്ച് വാസന്തിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുകയായിരുന്നു.
ശനിയാഴ്‌ച ഒരു മണിയോടെയായിരുന്നു അപകടം. വാഹനം ഓടിച്ച വിപിനെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. മാലദ്വീപിലേക്ക് പോകുകയായിരുന്ന സുമിത്തിനെ യാത്രയാക്കുന്നതിനാണ് മാതാപിതാക്കളായ വാസന്തി, സുരേഷ് സഹോദരൻ വിപിൻ, ബന്ധു സിബിൻ എന്നിവർ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. മടക്കയാത്രയിൽ കാർ അപകടത്തിൽപ്പെടുകയായിരുന്നു. പരിക്കേറ്റവരെ കോന്നി ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.