ശബരിമല മണ്ഡല മഹോത്സവത്തിന് സമാപനം കുറിച്ച് ക്ഷേത്ര നട അടച്ചു. ഭക്തലക്ഷങ്ങളാണ് ഇത്തവണ മണ്ഡലകാലത്ത് ദർശനപുണ്യം തേടി അയ്യപ്പസന്നിധിയിലെത്തിയത്.
അസാധാരണമായ തീർഥാടനപ്രവാഹത്തിനു സാക്ഷ്യംവഹിച്ച നാൽപത്തിയൊന്നുദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാലതീർഥാടനത്തിന് സമാപനം കുറിച്ച് കൊണ്ട് സന്നിധാനത്ത് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മണ്ഡലപൂജ നടന്നു. 12 നും 12.30 നും ഇടയിലുള്ള മുഹൂർത്തത്തിലായിരുന്നു മണ്ഡലപൂജ.രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടച്ചതോടെയാണ് ഈ വർഷത്തെ മണ്ഡലമാസ പൂജക്ക് സമാപനമായത്.
മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30- ന് വൈകിട്ട് വീണ്ടും നട തുറക്കുംമനസും ശരീരവും അയ്യപ്പന് സമർപ്പിച്ച് ഇരുമുടിക്കെട്ടിൽ നെയ്തേങ്ങയുമായി കല്ലും മുള്ളും നിറഞ്ഞ കാനനപാത താണ്ടി പതിനെട്ടാം പടി കയറി മനസുരുകി പ്രാർത്ഥിച്ച് ഭക്തലക്ഷങ്ങൾ സായൂജ്യമടഞ്ഞ ഒരു മണ്ഡലകാലത്തിന് കൂടിയാണ് സമാപനം കുറിക്കുന്നത്. ഭക്തലക്ഷങ്ങൾക്ക് ഇനി കാത്തിരിപ്പാണ് അടുത്ത മണ്ഡലകാലത്ത് കലിയുഗവരദൻ്റെ സന്നിധാനത്തേക്കുള്ള യാത്രക്ക് വേണ്ടിയുള്ള കാത്തിരിപ്പ്.