തൃശൂർ എറവ് ആറാംകല്ലിൽ വീണ്ടും തെരുവുനായ ആക്രമണം. കേരളവിഷന്‍ കേബിൾ ടി വി ഓപ്പറേറ്റർ അടക്കം രണ്ടുപേർക്ക് തെരുവുനായയുടെ കടിയേറ്റു. കേബിൾ ടി വി ഓപ്പറേറ്റർ റപ്പായി, പ്രദേശവാസി ചുള്ളിപ്പറമ്പിൽ ജയൻ എന്നിവര്‍ക്കാണ് കടിയേറ്റത് പ്രദേശത്തെ വീട്ടിലേക്ക് കേബിൾ കണക്ഷൻ നല്കാൻ വരുന്നതിനിടെയാണ് റപ്പായിക്ക് കടിയേറ്റത്.ഇരുവരെയും മുളംകുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ ഒമ്പതരയോടെയാണ് സംഭവം. എറവ് മുനയം റോഡിൽ വച്ചാണ് കേബിൾ ടി വി ഓപ്പറേറ്ററായ എറവ് പെരുമാടൻ റപ്പായിക്ക് തെരുവ് നായയുടെ കടിയേൽക്കുന്നത്.കേബിൾ അഴിക്കുന്നതിനിടെ അത് വഴി വന്ന തെരുവ് നായ പ്രകോപനമില്ലാതെ റപ്പായിയെ ആക്രമിക്കുകയായിരുന്നു. നായയുടെ കടിയേറ്റ് കാലിന്റെ പാദത്തിൽ ആഴത്തിൽ മുറിവേറ്റു. നാല് മുറിവുകളുണ്ട്. ഇവിടെ നിന്നും ഓടിപ്പോയ നായ ഒരു മണിക്കൂറിനു ശേഷം സമീപത്തുള്ള ചുള്ളിപ്പറമ്പിൽ ജയൻ എന്നയാളെയും കടിച്ചു. ഇരുവരെയും നാട്ടുകാർ ചേർന്ന് മുളംകുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയും എറവ് താണിപ്പറമ്പ് പ്രദേശത്ത് ഒരു യുവതിയെ തെരുവ് നായ കടിച്ചിരുന്നു.