3 കോടിയുടെ പെന്‍ഷന്‍ തട്ടിപ്പ് വിവാദത്തിനിടെ കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫ് അവിശ്വാസ പ്രമേയം ഇന്ന്. ബിജെപിയുടെ പിന്തുണ ലഭിക്കുകയോ യുഡിഎഫ് അംഗങ്ങള്‍ കുറുമാറുകയോ ചെയ്താല്‍ മാത്രമേ പ്രമേയം പാസാകൂ. 8 അംഗങ്ങളുള്ള ബിജെപി നേതൃത്വം നിലപാട് പരസ്യമാക്കത്തത് എല്‍ഡിഎഫിന് പ്രതീക്ഷയാണ്.
ഭരണ സ്തംഭനം ആരോപിച്ച് 2021 ലാണ് എല്‍ഡിഎഫ് ആദ്യ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. അവിശ്വാസം പാസായെങ്കിലും ചെയര്‍പേഴ്‌സണും യുഡിഎഫിന്റെ സ്വതന്ത്ര അംഗവുമായ ബിന്‍സി സെബാസ്റ്റ്യനെ ടോസില്‍ ഭാഗ്യം തുണച്ചു. യുഡിഎഫ് കൗണ്‍സിലറിന്റെ മരണത്തിന് പിന്നാലെ രണ്ടാമത്തെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു.
ആരുടെയും ഭരണ നേട്ടത്തിന് കൂട്ടുനില്‍ക്കാന്‍ ഇല്ലെന്ന് പറഞ്ഞ് ബിജെപി മാറിയതോടെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 52 അംഗ കൗണ്‍സിലില്‍ യുഡിഎഫിനും എല്‍ഡിഎഫിനും 22 വീതം കൗണ്‍സിലര്‍മാരുണ്ട് .27 അംഗങ്ങള്‍ പിന്തുണച്ചാലേ അവിശ്വാസ പ്രമേയം പാസാകൂ.