കൊച്ചി: പറവൂരിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു. കാർ പൂർണമായി കത്തിനശിച്ചെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ചെറായി കുറുപ്പംകടവിൽ ഗോപകുമാറിന്‍റെ കാറാണു കത്തിനശിച്ചത്. ഗോപകുമാർ ഉൾപ്പെടെ നാലു പേരാണ് കാറിൽ ഉണ്ടായിരുന്നത്.
പെന്‍റോ പ്ലാസ ഷോപ്പിങ് കോംപ്ലക്സിന് സമീപത്തെത്തിയപ്പോൾ കാറിൽ നിന്നു പുക ഉയർന്നതോടെ വാഹനം അമ്മൻകോവിൽ റോഡിലേക്കു കയറ്റി നിർത്തി യാത്രക്കാർ പുറത്തിറങ്ങിയതിനു പിന്നാലെയായിരുന്നു തീ പിടിത്തം. അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണു പ്രാഥമിക നിഗമനം.