പാലക്കാട് പട്ടാമ്പി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് നേരെ റാഗിംഗ്. വല്ലപ്പുഴ ചെറുകോട് സ്വദേശിയായ 17 വയസ്സുകാരന് നേരെയാണ് റാഗിംഗ് അതിക്രമം. സംഭവത്തില്‍ പരാതി നല്‍കാനാണ് വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന്റെ തീരുമാനം.
പട്ടാമ്പി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹ്യൂമാനിറ്റീസ് വിഭാഗം വിദ്യാര്‍ഥിക്ക് നേരെയാണ് അതിക്രമം. ഫുട്ബോള്‍ സെലക്ഷന്‍ കഴിഞ്ഞ് വരുന്ന വിദ്യാര്‍ത്ഥിയെ മുപ്പതോളം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതായാണ് പരാതി. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഡാന്‍സ് കളിക്കാന്‍ നിര്‍ബന്ധിപ്പിച്ചപ്പോള്‍ വിദ്യാര്‍ഥി അത് നിരസിക്കുകയായിരുന്നു. തുടര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു.
വീട്ടിലെത്തിയ വിദ്യാര്‍ത്ഥിയുടെ ദേഹത്ത് പരിക്കുകള്‍ കണ്ടതോടെയാണ് വീട്ടുകാര്‍ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദ്യാര്‍ത്ഥിയുടെ പുറത്തും, കയ്യിലും വിരലുകള്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. ഇതിനുമുമ്പും സമാനീതിയില്‍ അക്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അന്ന് സ്‌കൂള്‍ അധികൃതരുടെ മധ്യസ്ഥതയില്‍ ഇനി ഇത്തരത്തിലൊരു സംഭവം ഉണ്ടാവില്ലെന്ന ഉറപ്പിന്മേല്‍ പിരിയുകയായിരുന്നുവെന്നും പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ ബന്ധുക്കള്‍ പറഞ്ഞു.