Share this Article
അമോണിയയും സള്‍ഫൈഡും അപകടകരമായ രീതിയില്‍; പരസ്പര വിരുദ്ധ റിപ്പോര്‍ട്ടുകളുമായി കുഫോസും മലിനീകരണ നിയന്ത്രണ ബോര്‍ഡും
വെബ് ടീം
posted on 25-05-2024
1 min read
kufos-s-crucial-report-unveiling-the-mystery-behind-mass-fish-deaths-in-periyar

കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയില്‍ പരസ്പര വിരുദ്ധ റിപ്പോര്‍ട്ടുകളുമായി കുഫോസും(കേരള മത്സ്യബന്ധന സമുദ്ര ഗവേഷണ സര്‍വകലാശാല) മലിനീകരണ നിയന്ത്രണ ബോര്‍ഡും. പെരിയാറില്‍ രാസമാലിന്യം അപകടകരമായ അളവില്‍ ഉണ്ടായിരുന്നു എന്നാണ് കുഫോസിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ജൈവ മാലിന്യമാണ് മത്സ്യക്കുരുതിയ്ക്ക് കാരണമെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണ്ടെത്തല്‍

അമോണിയയും സള്‍ഫൈഡും അപകടകരമായ രീതിയില്‍ പെരിയാറില്‍ കണ്ടെത്തിയതായി കുഫോസിന്റെ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ റിപ്പോര്‍ട്ട് കുഫോസ് ഫിഷറിസ് വകുപ്പിന് കൈമാറിയിട്ടുണ്ട്. വെള്ളത്തില്‍ ഓക്സിജന്റെ ലെവല്‍ കുറവായിരുന്നുവെന്നും രാസവസ്തുക്കള്‍ എവിടെ നിന്നെത്തി എന്ന് അറിയാന്‍ വിശദമായ രാസപരിശോധനാഫലം വരണമെന്നും പഠനറിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി കുഫോസ് ഗവേഷക സംഘം ചത്ത മത്സ്യങ്ങളുടെയും പെരിയാറിലെ ജലത്തിന്റെയും സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഫിഷറീസ് വകുപ്പിന്റെ നിര്‍ദേശാനുസരണം സര്‍വകലാശാല വിസിയാണ് ശാസ്ത്രീയ പഠനത്തിന് ഉത്തരവിട്ടത്. അതേസമയം, ജൈവ മാലിന്യമാണ് മത്സ്യക്കുരുതിയ്ക്ക് കാരണമെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണ്ടെത്തല്‍. വെള്ളത്തിന്റെ പിഎച്ച് ലെവല്‍ ശരിയായ നിലയിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്. പതാളം റെഗുലേറ്ററിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നത് പ്രതിസന്ധി വര്‍ദ്ധിപ്പിച്ചു. ജലസേചന വകുപ്പിന് ജൈവ മാലിന്യത്തെക്കുറിച്ച് നേരത്തെ ഇത്തരം നിര്‍ദ്ദേശം നല്‍കിയിരുന്നു എന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് പറയുന്നു.  

അതേസമയം, സംഭവത്തില്‍ വ്യവസായ മന്ത്രി പി രാജീവ് രാജി വെക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വസതിയിലേക്ക് യുവമോര്‍ച്ച പ്രതിഷേധ മാര്‍ച്ച് നടത്തി.

അതേ സമയം മൽസ്യ കുരുതിയുമായി ബന്ധപ്പെട്ട് മാലിന്യ  നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ടിനെ തുടർന്ന് അലൈൻസ് ഇൻഡസ്ട്രീസിന് അടച്ചുപൂട്ടൽ നോട്ടീസ് നൽകിയതായി റിപ്പോർട്ടുണ്ട്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories