പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പ്രതികളായ മൂന്ന് പേര്‍ക്ക് ജാമ്യം. രണ്ടാംപ്രതി ഡോക്ടര്‍ എം.ഷഹന ഹാജരാകാത്തത്തില്‍ കോടതി വിമര്‍ശനമുന്നയിച്ചു .
പ്രസവശസ്ത്രക്രിയയ്ക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക മറന്നുവെച്ച കേസിൽ പ്രതികളായ ഡോക്ടർക്കും രണ്ട് നഴ്സുമാർക്കും ജാമ്യം ലഭിച്ചു. രണ്ടാം പ്രതി ഹാജരാകാത്തതിനാൽ പ്രതിഭാഗത്തെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് കേസ് പരിഗണിച്ചപ്പോൾ ഒന്നാം പ്രതിയായ തളിപ്പറമ്പ് സ്വദേശി ഡോ.സി.കെ.രമേശൻ, മൂന്നും നാലും പ്രതികളും കോഴിക്കോട് മെഡിക്കൽ കോളേജിലെ സ്റ്റാഫ് നഴ്സുമാരുമായ പെരുമണ്ണ പാലത്തുംകുഴിയിലെ എം.രഹന, ദേവഗിരി കുളപ്പുരയിൽ കെ ജി മഞ്ജു എന്നിവരാണ് ഹാജരായത്.
കേസിലെ രണ്ടാം പ്രതിയായ ഗൈനക്കോളജിസ്റ്റ് മലപ്പുറം ചങ്കുവെട്ടിയിലെ ഡോ.എം ഷഹന ഇന്ന് ഹാജരായില്ല. ജാമ്യാപേക്ഷ പരിഗണിച്ച കോടതി ഷഹന എവിടെ എന്ന ചോദ്യം കൂട്ടുപ്രതികളോട് ഉന്നയിച്ചു. അറിയില്ലെന്ന് മറുപടി നൽകിയപ്പോൾ നിങ്ങളുടെ സഹപ്രവർത്തകയായിരുന്നില്ലേ എന്ന് തിരിച്ചു ചോദിച്ച കോടതി രൂക്ഷമായ വിമർശനം ഉന്നയിക്കുകയും ചെയ്തു.
തുടർന്നാണ് ഹാജരായ മൂന്നു പ്രതികൾക്കും ജാമ്യം അനുവദിച്ചത്. ഇന്ന് ഹാജരാകാത്ത ഡോ.എം ഷഹനയ്ക്ക് കോടതി വീണ്ടും സമൻസ് അയക്കും. ഹർഷിന കേസ് വിടുതൽ ചെയ്യാൻ കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകൻ എം.എസ്.സജി വ്യക്തമാക്കി. അടുത്തമാസം ഇരുപതിനാണ് കോടതി വീണ്ടും കേസ് പരിഗണിക്കുന്നത്. അന്ന് പ്രതികളെ കുറ്റപത്രം വായിച്ച് കേൾപ്പിക്കാനും സാധ്യതയുണ്ട്.