Share this Article
ഫോർട്ട് കൊച്ചിയിൽ പാപ്പാഞ്ഞിയെ കത്തിക്കില്ല; പുതുവർഷ പരിപാടികളെല്ലാം റദ്ദാക്കി കാർണിവൽ കമ്മിറ്റി
വെബ് ടീം
18 hours 0 Minutes Ago
1 min read
CARNIVAL

കൊച്ചി: പുതുവത്സരവേളയിൽ എറണാകുളത്ത് പാപ്പാഞ്ഞികളെ കത്തിക്കാൻ ഹൈക്കോടതി അനുമതി നൽകിയെങ്കിലും തീരുമാനത്തിൽ നിന്ന് പിന്മാറി ഫോർട്ട് കൊച്ചിയിലെ സംഘാടകർ. മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിംഗിന്റെ നിര്യാണത്തെത്തുടർന്നാണ് പാപ്പാഞ്ഞിയെ കത്തിക്കുന്നതടക്കമുള്ള പരിപാടികൾ റദ്ദാക്കിയതെന്ന് സംഘാടകർ അറിയിച്ചു. കൊച്ചിയിൽ കാർണിവൽ കമ്മിറ്റി നേരിട്ട് നടത്തുന്ന പരിപാടികളാണ് പൂർണമായും റദ്ദാക്കിയിരിക്കുന്നത്.

ഫോർട്ട് കൊച്ചി ഗ്രൗണ്ടിൽ നടക്കുന്ന പാപ്പാഞ്ഞി കത്തിക്കൽ, കാർണിവൽ റാലി ഉൾപ്പടെയുള്ള പരിപാടികളാണ് റദ്ദാക്കിയിരിക്കുന്നത്. ഫോർട്ട് കൊച്ചി ഡെപ്യൂട്ടി കളക്ടർ മീരയാണ് ഇക്കാര്യം വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. കൊച്ചിയിലെ രണ്ടാമത്തെ പരിപാടി വെളി ഗ്രൗണ്ടിലാണ് നടക്കുന്നത്. ഈ പരിപാടി ഒരു പ്രാദേശിക കൂട്ടായ്മ നടത്തുന്ന പരിപാടിയാണ്. ആ പരിപാടി നടക്കുമെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. വെളി ഗ്രൗണ്ടിൽ പാപ്പാഞ്ഞിയെ കത്തിക്കുന്ന പരിപാടിയിൽ മാറ്റമൊന്നും അറിയിച്ചിട്ടില്ല.ഫോർട്ടുകൊച്ചി പരേഡ് ഗ്രൗണ്ടിൽ കാർണിവൽ കമ്മിറ്റിയുടെയും വെളി മൈതാനത്ത് ഗാലാ ഡിയുടെയും നേതൃത്വത്തിൽ പാപ്പാഞ്ഞികൾ സ്ഥാപിച്ചിരുന്നു. എന്നാൽ രണ്ട് പാപ്പാഞ്ഞികൾ കത്തിക്കേണ്ടന്നായിരുന്നു നേരത്തെ പൊലീസ് തീരുമാനം. വെളി മൈതാനത്ത് സ്ഥാപിച്ച പാപ്പാഞ്ഞിയെ എടുത്ത് മാറ്റണമെന്ന് സംഘാടകരെ സ്റ്റേഷനിലേയ്ക്ക് വിളിച്ച് വരുത്തി നിർദ്ദേശിച്ചു. സുരക്ഷാ കാരണങ്ങളാണ് പൊലീസ് ചൂണ്ടിക്കാട്ടിയത്. തുടർന്നാണ് ഗാലാ ഡി ഹൈക്കോടതിയെ സമീപിച്ചത്. ഇരു പക്ഷത്തുനിന്നും വിശദീകരണം തേടിയ ഹൈക്കോടതി, വെളി ഗ്രൗണ്ടിലെ പാപ്പാഞ്ഞിയെ കത്തിക്കാൻ ഉപാധികളോടെ അനുമതി നൽകുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories