ശബരിമല ക്ഷേത്രത്തോളം പ്രാധാന്യമുള്ള മറ്റൊരിടമാണ് മാളികപ്പുറം ക്ഷേത്രത്തിന് സമീപത്തുള്ള മണിമണ്ഡപം. അവതാര ഉദ്ദേശ്യം പൂര്‍ത്തിയാക്കിയ മണികണ്ഠന്‍ ശബരിമലയില്‍ ആദ്യമെത്തിയത് ഇവിടെയെന്നാണ് വിശ്വാസം .
മാളികപ്പുറത്തമ്മയുടെ എഴുന്നള്ളത്ത് എന്ന് പലരും തെറ്റിദ്ധരിക്കുന്നത് മണിമണ്ഡപത്തില്‍ നിന്നുള്ള അയ്യപ്പന്‍റെ എഴുന്നള്ളത്താണ്. അയ്യപ്പന്‍റെ സമാധി സ്ഥാനമാണ് ശബരിമല സന്നിധാനത്തെ മണിമണ്ഡപം എന്നാണ് വിശ്വാസം. മകരവിളക്ക് ദിനംമുതലാണ് കളമെഴുത്തും കുരുതിയും അടക്കമുള്ള ചടങ്ങുകള്‍ തുടങ്ങുന്നത്.ദ്രാവിഡാചാരപ്രകാരമാണ് മണിമണ്ഡപത്തിലെ പൂജകള്‍.
സാധാരണദിവസങ്ങളില്‍ ശബരിമല സന്നിധാനത്തെത്തുന്ന തീര്‍ഥാടകര്‍ക്ക് അടഞ്ഞുകിടക്കുന്ന മണിമണ്ഡപമാണ് കാണാന്‍ കഴിയുക. അകത്ത് കത്തിച്ച നിലവിളക്കും പീഢവും.
സമാധിസ്ഥാനമെന്ന സങ്കല്‍പത്തിലാണ് ഇരുമുടിക്കെട്ടിലെ ഭസ്മം വിതറുന്നത്. മകരസംക്രമത്തിന്‍റെ തലേന്ന് ശുദ്ധിക്രിയ. മകരസംക്രമദിനം മുതലാണ് ചടങ്ങുകള്‍. തന്ത്രിക്കോ മേല്‍ശാന്തിക്കോ അല്ല കുന്നക്കാട്ട് കുടുംബത്തിനാണ് ഇവിടുത്തെ പൂജകളുടെ അവകാശം.
മകരവിളക്ക് ദിനം മുതല്‍ കളമെഴുത്തും എഴുന്നള്ളത്തും ആരംഭിക്കും . അയ്യപ്പന്‍റെ മീശപിരിച്ച മുഖത്തോട് കൂടിയ തിടമ്പാണ് എഴുന്നള്ളിക്കുന്നത്. ആദ്യ നാലുദിവസം പതിനെട്ടാംപടിക്ക് സമീപം വരെ എഴുന്നള്ളി നായാട്ടുവിളിക്ക് ശേഷം മടക്കം.
അഞ്ചാംദിനം എഴുന്നള്ളത്ത് ശരംകുത്തി വരെ. എല്ലാ ഉല്‍സവവും കഴിഞ്ഞ് ഭക്തരെ യാത്രയാക്കുന്നു എന്ന സങ്കല്‍പത്തില്‍ വാദ്യമില്ലാതെ വിളക്കണച്ച് മടക്കം. ആറാംദിവസത്തെ കുരുതിയോടെയാണ് മണിമണ്ഡപത്തിലെ ചടങ്ങുകള്‍ അവസാനിക്കുന്നത്.