ഷാഫി പറമ്പിലിന്റെ നന്ദി പ്രകടനത്തിന് സ്കൂൾ പ്രവർത്തി സമയത്ത് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചത് വിവാദത്തിൽ. ചീക്കോന്ന് ഈസ്റ്റ് എം എൽ പി സ്കൂളിലെ അധ്യാപകരുടെ നടപടിയാണ് വിവാദമായത്. യുഡിഎഫ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ പരിപാടിയിലാണ് കുട്ടികളും അധ്യാപകരും പങ്കെടുത്തത്.
ഇന്നലെയാണ് വിവാദത്തിന് ആസ്പദമായ സംഭവം നടന്നത്. വടകര എം.പിയായി തെരഞ്ഞെടുക്കപ്പെട്ട ഷാഫി പറമ്പിൽ വോട്ടർമാർക്ക് നന്ദി പറയാനുള്ള പര്യടനം മണ്ഡലത്തിൽ ഉടനീളം തുടരുകയാണ്. അതിൻ്റെ ഭാഗമായി നാദാപുരം മണ്ഡലം യുഡിഎഫ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടി സ്കൂൾ പ്രവർത്തി സമയത്ത് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചത്.
കുന്നുമ്മൽ പഞ്ചായത്തിലെ രണ്ടാം വാർഡായ ചീക്കോന്ന് ഈസ്റ്റ് എം.എൽ.പി സ്കൂളിലെ അധ്യാപകരാണ് ഇത്തരത്തിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചത് എന്നാണ് ആരോപണം ഉയരുന്നത്. സ്കൂൾ പ്രവർത്തിസമയത്ത് വിദ്യാർത്ഥികളെ രാഷ്ട്രീയ പരിപാടികൾ പങ്കെടുപ്പിച്ചത് ഗൗരവകരമായ വിഷയമാണെന്നും നടപടി വേണമെന്നും ആവശ്യമുയർന്നു കഴിഞ്ഞു.
ചീക്കോന്ന് ഈസ്റ്റ് എം.എൽ.പി സ്കൂളിലെ അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്എഫ്ഐ മുഖ്യമന്ത്രി പിണറായി വിജയന് പരാതിയും നൽകി. എസ്എഫ്ഐ കുന്നുമ്മൽ ഏരിയ സെക്രട്ടറി അഭയ് ആണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.