പാലക്കാട് പട്ടാമ്പിയിലും,നെന്മാറയിലും പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളെ പോലീസ് അകാരണമായി മര്‍ദിച്ച സംഭവത്തില്‍ കൂടുതല്‍ നടപടികള്‍ക്ക് സാധ്യത. പരാതികളെ കുറിച്ച് ഡി.വൈ.എസ്.പി റാങ്കില്‍ കുറയാത്ത പോലീസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്ന ആവശ്യവുമായി മനുഷ്യാവകാശ കമ്മീഷന്‍ രംഗത്തെത്തി.
സെപ്റ്റംബര്‍ 10 ന് പാലക്കാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടത്. ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമാണ്് ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയത്.
പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. നെന്മാറ ടൗണില്‍ കടയുടെ മുന്നില്‍ നില്‍ക്കുകയായിരുന്ന ചാത്തമംഗലം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ത്ഥിയെ എസ്.ഐ അകാരണമായി മര്‍ദ്ദിച്ചെന്നാണ് ഒരു പരാതി.
വാഹന പരിശോധനക്കിടെ നിര്‍ത്താതെ പോയ ബൈക്കിനെ പിന്തുടര്‍ന്നെത്തിയ പട്ടാമ്പി പോലീസ് 16 കാരനായ ഓങ്ങല്ലൂര്‍ സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചെന്നാണ് രണ്ടാമത്തെ പരാതി.
ആരോപണ വിധേയരായ പോലീസുദ്യോഗസ്ഥരുടെ പേര് വിവരങ്ങള്‍, അവരുടെ വിശദീകരണം, കുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴികള്‍, കുട്ടികളെ പരിശോധിച്ച ആശുപത്രിയിലെ ചികിത്സാ രേഖകള്‍, ഡോകടര്‍മാരുടെ മൊഴി, മറ്റ് സാക്ഷി മൊഴികള്‍, സി.സി. റ്റി. വി. ഫുട്ടേജ് പരിശോധിച്ച വിവരങ്ങള്‍ എന്നിവ റിപ്പോര്‍ട്ടിനൊപ്പം ഹാജരാക്കണം,മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നും ഇവര്‍ക്കെതിരെ മുമ്പ് അച്ചടക്കനടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്നുമുള്ള വിശദാംശങ്ങളും റിപ്പോര്‍ട്ടിലുണ്ടാവണം. അന്വേഷണം നിഷ്പക്ഷവും നീതിയുക്തവുമായിരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.