തൃശൂർ: ചെറിയ ഒരു അശ്രദ്ധ ഒരുപക്ഷേ വലിയ അപകടം ക്ഷണിച്ചു വരുതിയേക്കാം. തൃശൂർ പുത്തൂർ പൊന്തേക്കൽ സോജന്റെ സ്കൂട്ടറിൽ വച്ചിരുന്ന ഹെൽമെറ്റിനകത്ത് കണ്ടെത്തിയത് ഒരു മൂർഖൻ പാമ്പിനെയായിരുന്നു. ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് പാമ്പിന്‍റെ കടിയേല്ക്കാതെ സോജന്‍ രക്ഷപ്പെട്ടത്.കഴിഞ്ഞ ദിവസമായിരുന്നു ആരും അറിഞ്ഞാൽ ഒന്ന് നടുങ്ങുന്ന സംഭവം.
സോജൻ തന്റെ ജോലി സ്ഥലത്ത് പാർക്ക് ചെയ്ത സ്‌കൂട്ടറിൽ പ്ലാറ്റ്ഫോമിൽ തന്നെയാണ് ഹെൽമെറ്റ് സൂക്ഷിച്ച് വച്ചത്. സോജന്‍ വാഹനം എടുത്ത് പോകാൻ ഒരുങ്ങുമ്പോൾ ആണ് ഹെൽമെറ്റിനകത്തേക്ക് എന്തോ കയറി പോകുന്നത് കണ്ടത്. നോക്കിയപ്പോള്‍ പാമ്പാണെന്ന് തോന്നി. ഉടൻ വനം വകുപ്പിൻ്റെ സഹായം അഭ്യർത്ഥിച്ചു. തുടർന്ന് സർപ്പ വളണ്ടിയർ ലിജോ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത് . പുറമെ കാണാൻ ഇല്ലെങ്കിലും ഹെൽമെറ്റിന്റെ ഉള്ളിലെ ഒരു വശം മാറ്റി നോക്കിയപ്പോഴാണ് ഉഗ്രവിഷമുള്ള പാമ്പിനെ കണ്ടെത്തിയത്.
ഏകദേശം 2 മാസം പ്രായമുള്ള ഒരു മൂര്‍ഖന്‍ പാമ്പ്.
വലിയ പാമ്പുകളെക്കാൾ കൂടുതൽ അപകടമാണ് മൂർഖന്റെ കുഞ്ഞ് കടിച്ചാൽ എന്ന് സർപ്പ വളണ്ടിയർ ലിജോ പറയുന്നു.
മൂര്‍ഖനെ പിടികൂടുന്നതിനിടെ പത്തി വിടര്‍ത്തി തന്‍റെ ശൗര്യം കാണിക്കാനും പാമ്പ് മറന്നില്ല.ഇരുചക്ര വാഹന യാത്രക്കാരുടെ ശ്രദ്ധ പതിയേണ്ട ഒരു പ്രധാന കാര്യമാണ് ഹെൽമെറ്റ് സുരക്ഷിതമായി ഉപയോഗിക്കുക എന്ന കാര്യത്തിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത്.