Share this Article
മുക്കുപണ്ടം പണയം വച്ച് 15 ലക്ഷം രൂപ തട്ടിയെടുത്തു;സ്ത്രീ അടക്കമുള്ള സംഘം അറസ്റ്റില്‍
 arrested  group

മുക്കുപണ്ടം പണയം വച്ച് 15 ലക്ഷം രൂപ തട്ടിയെടുത്ത സംഘം അറസ്റ്റില്‍. തിരുവനന്തപുരം ആലംകോട് വൃന്ദാവന്‍ ഫൈനാന്‍സിലാണ് വ്യാജ രേഖകള്‍ ഉപയോഗിച്ച് 50 പവന്‍ പണയം വെച്ചത്. ഒരു സ്ത്രീ ഉള്‍പ്പെടെ 3 പേരാണ് ആറ്റിങ്ങല്‍ പൊലീസിന്റെ പിടിയിലായത്.

10 മുതല്‍ 15 ശതമാനം വരെ സ്വര്‍ണ്ണം പൂശിയാണ് സംഘം ധനകാര്യസ്ഥാപനത്തില്‍ പണയം വെച്ച് 15 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തത്. വ്യാജമായി നിര്‍മ്മിച്ച ആധാര്‍ കാര്‍ഡ്, ഇലക്ഷന്‍ ഐഡന്റിറ്റി കാര്‍ഡ്, ഉത്തരേന്ത്യക്കാരുടെ പേരിലെടുത്ത മൊബൈല്‍ കണക്ഷന്‍ എന്നിവ ഉപയോഗിച്ചാണ് 50 പവനോളം വരുന്ന സ്വര്‍ണം പണയം വെച്ചത്.

പിടിയിലായവരില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേര്‍ ഉള്‍പ്പെടുന്നു. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി സിദ്ദിഖ്, കൊല്ലം പരവൂര്‍ സ്വദേശി വിജി, ആറ്റിങ്ങല്‍ സ്വദേശി അജിത് എന്നിവരെയാണ് ഡിവൈഎസ്പി എസ്. മഞ്ജുലാലിന്റെ നിര്‍ദ്ദേശപ്രകാരം ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ബെംഗളൂര്‍ സ്വദേശിയില്‍ നിന്നാണ് ഇവര്‍ സ്വര്‍ണ്ണം പൂശിയ ആഭരണങ്ങള്‍ വാങ്ങിയത്. ഹാള്‍ മാര്‍ക്ക് 916 സിംമ്പല്‍  പതിപ്പിച്ചിട്ടുള്ള ഈ ആഭരണങ്ങള്‍ സാധാരണ രീതിയില്‍ പരിശോധിച്ചാല്‍ മനസ്സിലാകില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ആലംകോടുള്ള വൃന്ദാവന്‍ ഫൈനാന്‍സിനു പുറമെ മറ്റു ചില ധനകാര്യ സ്ഥാപനങ്ങളിലും പ്രതികള്‍ പല പേരില്‍ പണയം വച്ചിട്ടുണ്ട്. പല പേരുകളിലുംവിലാസങ്ങളിലുമുള്ള ആധാര്‍ കാര്‍ഡിന്റെ കോപ്പികള്‍ രേഖയായി നല്‍കിയാണ് സംഘം തട്ടിപ്പ് നടത്തുന്നത്.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories