ഗൃഹോപകരണ കച്ചവട സ്ഥാപനത്തിന്റെ ഏജന്റായി ചമഞ്ഞെത്തി വയോധികനില്‍ നിന്നും പണം തട്ടിയെടുത്തതായി പരാതി. എടപ്പാള്‍ സ്വദേശിയായ വയോധികനാണ് പണം നഷ്ട്ടപ്പെട്ടത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഗൃഹോപകരണ കച്ചവട സ്ഥാപനത്തിന്റെ ഏജന്റാണെന്ന് പരിചയപ്പെടുത്തി ഇരുചക്രവാഹനത്തില്‍ മദ്ധ്യവയസ്‌ക്കനായ ആള്‍ എടപ്പാള്‍ അണ്ണക്കംപാട് സ്വദേശിയുടെ വീട്ടിലെത്തിയത്. ഹെല്‍മ്മറ്റ് പോലും ഊരാതെ ഗൃഹനാഥനോട് താന്‍ അംശ കച്ചേരി സ്വദേശിയാണെന്ന് പറഞ്ഞ് പരിചയപ്പെട്ടു.
എടപ്പാള്‍ തട്ടാന്‍ പടിയില്‍ പുതിയതായി തുടങ്ങിയ ഇലക്ട്രോണിക്‌സ് ഗൃഹോപകരണ വ്യാപര സ്ഥാപനത്തിലെ ഏജന്റാണെന്നും വീട്ടിലെ പഴയ ഗൃഹോപകരണങ്ങള്‍ മാറ്റി വാങ്ങാന്‍ ഇപ്പോള്‍ അവസരമുണ്ടെന്നും പറഞ്ഞു വയോധികനെ വിശ്വസിപ്പിക്കുകയായിരുന്നു.
പുതിയ ഫ്രിഡ്ജ് വാങ്ങാന്‍ തീരുമാനിച്ചിരുന്ന വയോധികന്‍ തട്ടിപ്പുകാരന്റെ വാക്കുകള്‍ വിശ്വസിച്ച് 7500 രൂപ നല്‍കി പുതിയ ഫ്രിഡ്ജ് ബുക്ക് ചെയ്തു. വൈകിട്ട് 4 മണിക്ക് പുതിയ ഫ്രിഡ്ജ് വീട്ടിലെത്തിക്കുമെന്നായിരുന്നു ഏജന്റായി ചമഞ്ഞെത്തിയ ആള്‍ ഫോണ്‍ നമ്പറും നല്‍കി പോയി.
എന്നാല്‍ വൈകിട്ടായിട്ടും ഫ്രിഡ്ജ് എത്താത്തതിനെ തുടര്‍ന്ന് ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് ഇന്ന് ഫോണിലേക്ക് വിളിച്ചു നോക്കിയെങ്കിലും ഫോണ്‍ സ്വിച്ച് ഓഫാണ്. പണം നഷ്ട്ടപ്പെട്ട അണ്ണക്കംപാട് സ്വദേശി പോലീസില്‍ പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ്.