സിപിഎം നേതാവും തിരുവമ്പാടി മുന്‍ എംഎല്‍എയുമായ ജോര്‍ജ് എം തോമസിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പീഡനക്കേസിലെ പ്രതിയെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ ജോര്‍ജ്ജ് എം തോമസ് ഇടപെടല്‍ നടത്തിയതിന്റെ രേഖകള്‍ കേരളാവിഷന്‍ ന്യൂസിന്. പ്രതി ഉള്‍പ്പെട്ട സാമ്പത്തിക തര്‍ക്കത്തില്‍ ജോര്‍ജ്ജ് എം തോമസ് മധ്യസ്ഥനായി നിന്നെന്ന് തെളിയിക്കുന്നതാണ് രേഖകള്‍.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയുമായി ബന്ധമില്ലെന്നാണ് ജോര്‍ജ് എം തോമസ് അവകാശപ്പെടുന്നത്. എന്നാല്‍ കൊടിയത്തൂര്‍ സ്വദേശിയായ വ്യവസായിയുമായി കേസില്‍ നിന്ന് രക്ഷിക്കാന്‍ മുന്‍ എംഎല്‍എ ശ്രമം നടത്തിയത് വ്യക്തമാക്കുന്നതാണ് പുറത്തുവന്ന നിര്‍ണായക രേഖകള്‍. പ്രതിയും സഹോദരനും തമ്മിലുണ്ടായിരുന്ന സാമ്പത്തിക തര്‍ക്കത്തില്‍ ജോര്‍ജ് എം തോമസ് മധ്യസ്ഥനാവുകയും വിവിധ ഘട്ടത്തില്‍ പണം വാങ്ങി നല്‍കുകയും ചെയ്തിട്ടുണ്ട്. 2017ല്‍ എംഎല്‍എ ആയിരുന്ന സമയത്തുള്ള ഇടപെടലിന്റെ രേഖകളാണ് നിലവില്‍ പുറത്ത് വന്നത്.
ജോര്‍ജ്ജ് എം തോമസിന് പുറമെ മറ്റ് രണ്ട് സിപിഎം നേതാക്കള്‍ക്ക് കൂടി സാമ്പത്തിക ഇടപാടില്‍ പങ്കുണ്ടെന്നും രേഖകളില്‍ വ്യക്തമാണ്. പ്രാദേശിക നേതാക്കളായ രണ്ടുപേരും കാല്‍ക്കോടി രൂപ പ്രതിഫലമായ കൈപ്പറ്റിയതായി നേരത്തെ സിപിഎം അന്വേഷണകമ്മീഷന്‍ കണ്ടെത്തിയിരുന്നു. പാര്‍ട്ടി ഓഫീസ് നിര്‍മ്മിക്കാനാണ് ഈ പണം വാങ്ങിയതെന്നും ഗുരുതര വീഴ്ച സംഭവിച്ചതായും അന്വേഷണകമ്മീഷന്‍ കണ്ടെത്തലില്‍ പറയുന്നുണ്ട്. പീഡനക്കേസിലെ പ്രതിയെ രക്ഷിക്കാന്‍ ഒരു എംഎല്‍എ ഇടപെട്ടത് ഗുരുതര തെറ്റാണെന്ന് കമ്മീഷന്‍ ശരിവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിജിലന്‍സ് കേസുകള്‍ ഭയന്ന് പാര്‍ട്ടി ഈ രേഖകള്‍ മുക്കിയെന്ന ആരോപണവും ഉയരുന്നുണ്ട്. വ്യവസായിയായ പീഡനക്കേസ് പ്രതിയെ കേസില്‍ നിന്ന് രക്ഷിച്ചതിന് പിന്നാലെ പല സാമ്പത്തിക ഇടപാടുകളും നടത്താന്‍ കൂട്ടു നിന്നുവെന്ന ആരോപണം നേരത്തെ മുതല്‍ പ്രാദേശിക തലത്തിലും ഉയര്‍ന്നിരുന്നു.