തൃശൂരിന്റെ ക്രിസ്മസ് ആഘോഷങ്ങൾക്ക് സമാപനം കുറിച്ച് 15,000ൽ ഏറെ ക്രിസ്മസ് പാപ്പാമാർ പങ്കെടുക്കുന്ന മെഗാ ബോൺ നത്താലെ ഇന്ന് നടക്കും. ജില്ലയിലെ 107 ഇടവകകളിൽ നിന്നുള്ള ക്രിസ്മസ് പാപ്പന്മാർ ബോൺ നത്താലെയുടെ ഭാഗമാകും. 60 അടിയിലേറെ ഉയരമുള്ള ചലിക്കുന്ന ഏദൻ തോട്ടവും 21 നിശ്ചല ദൃശ്യങ്ങളുമാണ് ഇത്തവണത്തെ പരിപാടിയുടെ പ്രത്യേകത.
ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന ബോൺ നതാലെയോടനുബന്ധിച്ച് തൃശൂരിൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി തൃശൂർ സിറ്റി പൊലീസ് അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി തൃശൂർ കോർപ്പറേഷൻ പരിധിയിലെ സ്വരാജ് റൗണ്ട്, തേക്കിൻകാട് മൈതാനം എന്നിവിടങ്ങൾ താൽക്കാലിക റെഡ് സോൺ ആയി പ്രഖ്യാപിച്ചതായി ജില്ലാ പൊലീസ് മേധാവി ഇളങ്കോ ആർപിഎസ് പറഞ്ഞു. ഈ മേഖലകളിൽ ഡ്രോൺ കാമറകളുടെ ചിത്രീകരണം പൂർണമായും നിരോധിച്ചതായും കമ്മീഷണർ അറിയിച്ചിട്ടുണ്ട്.