തൃശൂര്‍ എളവള്ളി ഗവ.ആയുര്‍വേദ ഡിസ്പെന്‍സറി കേന്ദ്ര നിലവാരത്തിലേക്ക്.നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഡിസ്‌പെന്‍സറിയില്‍ പരിശോധന നടത്തി.കേന്ദ്ര അംഗീകരം ലഭിക്കുന്നതോടെ ആയുര്‍വേദ ഡിസ്‌പെന്‍സറി ആധുനിക സൗകര്യങ്ങളിലേക്കെത്തും.
2022 ല്‍ ഡിസ്‌പെന്‍സറിയെ ഗവ.ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ്സ് സെന്ററായി ഉയര്‍ത്തിയിരുന്നു.ശേഷമാണ് ആയുര്‍വേദ ഡിസ്പെന്‍സറി കേന്ദ്ര നിലവാരത്തിലേക്ക് എത്തുന്നത്.കേന്ദ്ര അംഗീകാരം ലഭിക്കുന്നതോടെ കേന്ദ്ര ഫണ്ടുകള്‍ ഉപയോഗിച്ച് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ കൊണ്ടുവരാനാകും.എളവള്ളിയെ കൂടാതെ പൈങ്കുളം,അളഗപ്പനഗര്‍,പരിയാരം,കാടുകുറ്റി,വെള്ളാങ്കല്ലൂര്‍ എന്നീ ഡിസ്‌പെന്‍സറികളാണ് തൃശൂര്‍ ജില്ലയില്‍ പരിഗണിക്കുന്നത്.
സൗകര്യപ്രദമായ കെട്ടിടം,പരിശോധന മുറി,ഫാര്‍മസി കൗണ്ടര്‍,സ്റ്റോര്‍ റൂം തുടങ്ങി വിവിധ തസ്തികയിലുള്ള മുഴുവന്‍ ജീവനക്കാരുടെയും സേവനം വരെ പരിഗണിച്ചാണ് കേന്ദ്ര അംഗീകാരം നല്‍കുന്നത്.ഒരുതവണ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചാല്‍ തുടര്‍പരിശോധനങ്ങളിലൂടെ മുഴുവന്‍ സൗകര്യങ്ങളിലുള്ള ഗുണമേന്മ തുടര്‍ന്നും ഉറപ്പുവരുത്തും.ഒന്നാംഘട്ടത്തില്‍ സംസ്ഥാനത്ത് 150 ഡിസ്‌പെന്‍സറികളാണ് കേന്ദ്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തിയത്.
രണ്ടാം ഘട്ട പദ്ധതികളുടെ ഭാഗമായാണ് എളവള്ളി ആയുര്‍വേദ ഡിസ്‌പെന്‍സറിക്കും അംഗീകാരം നല്‍കുന്നത്.നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് നടത്തുന്ന പരിശോധനകളുടെ ഭാഗമായി ജില്ലാതല ഉദ്ഘാടനം എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്‌സ് നിര്‍വഹിച്ചു.ഡിസ്‌പെന്‍സറിയെ കേന്ദ്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതോടെ കിടത്തി ചികിത്സ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനാകുമെന്നാണ് പഞ്ചായത്തിന്റെ പ്രതീക്ഷ.