Share this Article
മരിച്ചത് കാണാതായ യുവാക്കൾ തന്നെ; കാട്ടുപന്നിക്കു വച്ച കെണിയില്‍ പെട്ടു; കുറ്റം സമ്മതിച്ച് സ്ഥലം ഉടമ
വെബ് ടീം
posted on 27-09-2023
1 min read
youths dies in trap set for wild boar

പാലക്കാട് കൊടുമ്പ് കരിങ്കരപ്പുള്ളിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങൾ കാണാതായ യുവാക്കളുടേത് തന്നെ എന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു. രണ്ടു പേരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തു. ഷിജിത്ത്, സതീഷ് എന്നിവരുടെ മൃതദേഹങ്ങളാണ് പുറത്തെടുത്തത്. ഒരാളുടെ കാലിനു മുകളിൽ മറ്റൊരാളുടെ തലവരുന്ന രീതിയിൽ ഒന്നിനു മുകളിൽ ഒന്നായി വയർ കീറിയ നിലയിലായിരുന്നു  മൃതദേഹങ്ങൾ കിടന്നിരുന്നത്.

സംഭവത്തില്‍ സ്ഥലം ഉടമ കുറ്റം സമ്മതിച്ചു. കാട്ടുപന്നിക്കു വച്ച വൈദ്യുതിക്കെണിയില്‍ പെട്ടാണ് യുവാക്കള്‍ മരിച്ചത്. മൃതദേഹങ്ങള്‍ കണ്ടപ്പോഴുണ്ടായ പരിഭ്രാന്തിയില്‍ കുഴിച്ചിടുകയായിരുന്നെന്നും സ്ഥലമുടമ അമ്പലപ്പറമ്പ് വീട്ടില്‍ അനന്തന്‍ (52) പൊലീസിന് മൊഴി നല്‍കി. 

ഇയാള്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു. യുവാക്കളുടെ മരണത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങള്‍ ഉണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. കുഴിച്ചിട്ട മൃതദേഹങ്ങള്‍ ഇന്ന് പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ് മോര്‍ട്ടത്തിന് അയക്കും. 

യുവാക്കള്‍ പാടത്തേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ 4.50 നാണ് യുവാക്കള്‍ പാടത്തേക്ക് ഓടുന്നത്. പിന്നീട് ഇവരെ കണ്ടിട്ടില്ല. ഒരു അടിപിടിക്കേസുമായി ബന്ധപ്പെട്ട്, നാല് പേരെ പൊലീസ് തിരഞ്ഞിരുന്നു. ഇതില്‍ രണ്ട് പേരെ പൊലീസ് കണ്ടെത്തി. 

മറ്റുള്ളവര്‍ക്കായി നടത്തിയ പരിശോധനയിലാണ് കൊടുമ്പ് സ്‌കൂളിന് സമീപത്തെ പാടത്ത് മണ്ണ് മാറികിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പുതുശ്ശേരി കാളാണ്ടിത്തറയില്‍ സതീഷ് (22), കൊട്ടേക്കാട് കാരക്കോട്ടുപുര തെക്കേംകുന്നം ഷിജിത്ത് (22) എന്നിവരാണ് മരിച്ചത്.


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories