മലപ്പുറം കുറ്റിപുറത്തെ പുതിയപാലത്തിന്റെ ടാറിങ് പ്രവര്‍ത്തികള്‍ അന്തിമഘട്ടത്തില്‍. ആറ് ട്രാക്കുകളോടു കൂടി ഒരുങ്ങുന്ന പാലത്തിന്റെ 90 ശതമാനം പ്രവൃത്തികളും പൂര്‍ത്തിയായി.
നിലവില്‍ ഭാരതപുഴക്ക് കുറുകെയുള്ള ഏറ്റവും വീതിയേറിയ പാലമാണ് കുറ്റിപ്പുറത്ത് ഒരുക്കിയിരിക്കുന്നത്. ഇരു വശത്തേക്കുമായി 6 ട്രാക്കുകളോടു കൂടിയ പാലത്തിന്റെ ഉപരിതലം പൂര്‍ണമായും കോണ്‍ക്രീറ്റ് ചെയ്ത ശേഷമുള്ള ടാറിങ് പ്രവൃത്തികള്‍ അവസാനഘട്ടത്തിലാണ്. കൈവരികളുടെ നിര്‍മ്മാണ പ്രവര്‍ത്തികളും പൂര്‍ത്തിയായി.
ഭൂമിക്കടിയില്‍ ഉള്ളതടക്കം മുന്നൂറിലേറെ തൂണുകളാണ് പാലത്തിന് നിര്‍മ്മിച്ചിട്ടുള്ളത്. പാലത്തിനെ താങ്ങി നിര്‍ത്തുന്ന ഒരു തൂണിനെ താങ്ങാന്‍ ഭൂമിക്കടിയില്‍ 9 തൂണുകളാണ് നിര്‍മ്മിച്ചിട്ടുള്ളത്. തൂണുകളുടെ പ്രവര്‍ത്തികളും റെക്കോര്‍ഡ് വേഗത്തിലാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്.
പൂര്‍ത്തിയാക്കുന്ന പുതിയ പാലത്തില്‍ കാല്‍നടയാത്രക്കാര്‍ക്കുള്ള പാതയും ഒരുക്കും. നാലു മാസം കൊണ്ട് അവശേഷിക്കുന്ന പ്രവര്‍ത്തികളും പൂര്‍ത്തിയാക്കാനുള്ള തിരക്കിട്ട പ്രവര്‍ത്തനത്തിലാണ് കരാറുകാര്‍.
റെയില്‍വേ ട്രാക്കിന് മുകളിലൂടെയുള്ള പുതിയ പാലത്തിന്റെ ജോലികളും പുനരാരംഭിച്ചു.മംഗളൂരു- ഇടപ്പള്ളി ആറുവരിപ്പാതയില്‍ നിര്‍മ്മിക്കുന്ന പുതിയ പാലം 2025 ഓടെ പൂര്‍ത്തിയാകും.