Share this Article
അട്ടപ്പാടിയിലെ ഭിന്നശേഷിക്കുട്ടികൾക്ക് ഇനി സ്വന്തമായി വീട്; എംഎ യൂസഫലിക്ക് നന്ദി പറഞ്ഞ് സജി-ബിസ്ന ദമ്പതികൾ
Attapadi differently-abled children now have their own house; Saji-Bisna couple thanks to MA Yousafali

പാലക്കാട്: അട്ടപ്പാടിയിലെ  ഭിന്നശേഷിക്കാരായ കുട്ടികളുടെ  വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കി  ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി.വീട് വാങ്ങാനാവശ്യമായ 15 ലക്ഷം രൂപയുടെയും കുട്ടികളുടെ ദൈനംദിന ചെലവിനായി 5 ലക്ഷം രൂപയുടെയും ചെക്ക് എംഎ യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് പ്രതിനിധികൾ സജി-ബിസ്ന ദമ്പതികൾക്ക് കൈമാറി.

അട്ടപ്പാടി മുക്കാലി സ്വദേശികളായ സജിയും ബിസ്നയും 26 ഭിന്നശേഷിക്കുട്ടികൾക്കാണ് ദയശ്രേയ ചാരിറ്റബിൾ റീഹാബിലേഷൻ സൊസൈറ്റിയിലൂടെ തണലേകുന്നത്. വിവാഹശേഷം കുട്ടികൾ ഇല്ലാതിരുന്ന ഇവർ പ്രത്യേക പരിചരണം ആവശ്യമായ ഭിന്നശേഷിക്കുട്ടികളെ ഏറ്റെടുത്ത് സംരക്ഷിക്കുകയാണ്.

കേരളത്തിന്റെ വിവിധയിടങ്ങളിലുള്ള ഭിന്നശേഷിക്കുട്ടികൾക്ക് സജിയും ബിസ്നയുമാണ് ഇപ്പോൾ അച്ഛനും അമ്മയും. ഇവരുടെ ചെലവും വീട്ടു വാടകയും സാധാരണക്കാരായ ഈ ദമ്പതികൾക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. സാമ്പത്തിക പ്രയാസത്തെ തുടർന്ന് ആദ്യം താമസിച്ചിരുന്ന വാടക കെട്ടിടത്തിൽ നിന്ന് ഇവർക്ക് ഇറങ്ങേണ്ടി വന്നു.

പിന്നീടാണ് അട്ടപ്പാടി മുക്കാലിയിലെ ഈ വീട്ടിലേക്ക് ഇവർ മാറിയത്. ഈ വീടുമായി കുട്ടികൾ നല്ല അടുപ്പമാണ് പുലർത്തിയിരുന്നത്. ഇതിനിടെ ആറ് മാസത്തിനകം വീട് വിൽക്കുമെന്ന് ഉടമസ്ഥൻ അറിയിച്ചതോടെ കുട്ടികളുമായി തെരുവിലേക്ക് ഇറങ്ങേണ്ടി വരുമോയെന്ന ആശങ്കയിലായി ഈ ദമ്പതികൾ.

നാട്ടുകാരുടെ സഹായത്തോടെ നാല് ലക്ഷം രൂപ സംഘടിപ്പിക്കാനായെങ്കിലും വീട് സ്വന്തമാക്കണമെങ്കിൽ 15 ലക്ഷം രൂപ കൂടി ആവശ്യമായിരുന്നു. ദൈനംദിന ചെലവിന് തന്നെ ബുദ്ധിമുട്ടുന്നതിനിടെ ഇത്രയും വലിയ തുക എങ്ങനെ സ്വരൂപിക്കുമെന്ന ആശങ്കയിലായിരുന്നു ഇവർ.

ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി നാട്ടിൽ വരുന്നുണ്ടെന്ന് ആരോ പറഞ്ഞത് വിശ്വസിച്ച് ഇവർ നാട്ടികയിലെത്തി ഒരു ദിവസം കാത്തുനിന്നെങ്കിലും നിരാശരായി. ഇതിനിടെയാണ് ദയശ്രേയ ചാരിറ്റബിൾ റീഹാബിലേഷൻ സൊസൈറ്റിയുടെ അവസ്ഥ സമൂഹമാധ്യമങ്ങളിലൂടെ എംഎ യൂസഫലിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടനടി തന്നെ ഈ  കുട്ടികളുടെ സങ്കടം പരിഹരിക്കണമെന്ന് എംഎ യൂസഫലി ലുലു ഗ്രൂപ്പ് പ്രതിനിധികൾക്ക് നിർദ്ദേശം നൽകി.

ലുലു ഇന്ത്യ മീഡിയ ഹെഡ് എൻബി സ്വരാജ്,  ലുലു പാലക്കാട് ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ജയേഷ് നായർ, ഹൈപ്പർമാർക്കറ്റ് മാനേജർ ഹരികൃഷ്ണൻ എസ് എന്നിവർ ചേർന്ന് അട്ടപ്പാടി മുക്കാലിയിലെ ഇവരുടെ വീട്ടിലെത്തി 20 ലക്ഷം രൂപയുടെ ചെക്കുകൾ കൈമാറി. നിറകണ്ണുകളോടെ എംഎ യൂസഫലിക്ക് നന്ദി പറയുകയാണ് ഈ കുരുന്നുകളും ഇവരുടെ മാതാപിതാക്കളായി മാറിയ സജി-ബിസ്ന ദമ്പതികളും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories