കണ്ണൂർ: പയ്യന്നൂരിൽ 12 വയസ്സുകാരനിൽ മെലിയോയിഡോസിസ് എന്ന രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നിരീക്ഷണം ശക്തമാക്കി. ബാക്ടീരിയ വഴി വന്നെത്തുന്ന ഒരു രോഗമാണിത്. മണ്ണിൽനിന്നോ മലിനജലത്തിൽ നിന്നോ ആണ് രോഗാണുബാധയുണ്ടാകുന്നത്. സംഭവത്തെത്തുടർന്ന് പയ്യന്നൂർ കോറോം ഭാഗത്ത് ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽനിന്നാണ് കുട്ടിക്ക് മെലിയോയിഡോസിസാണെന്ന് സ്ഥിരീകരിച്ചത്. കുട്ടിയുടെ താടിയിൽ കുരുവന്ന് പഴുത്ത് വ്രണമായി മാറിയതിനെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്. പഴുപ്പ് പരിശോധിച്ചപ്പോഴാണ് അസുഖം തിരിച്ചറിഞ്ഞത്. പ്രദേശത്തെ മറ്റൊരു യുവാവ് സമാനമായ രോഗലക്ഷണങ്ങളുമായി മംഗളൂരുവിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ സാമ്പിൾ പരിശോധനാഫലം വന്നിട്ടില്ല.