കൊല്ലം: കൊല്ലത്ത് തീവണ്ടിയിൽ കടത്തിക്കൊണ്ടുവന്ന നാലരക്കിലോ കഞ്ചാവും അഞ്ചു കിലോ പുകയില ഉൽപ്പന്നങ്ങളും പിടികൂടി. ആരോണി എക്സ്പ്രസിൽ യാത്ര ചെയ്ത അന്യസംസ്ഥാന സ്വദേശികളായ മൂന്നു പേരാണ് കഴിഞ്ഞ ദിവസം രാത്രി റെയിൽവേ പോലീസിന്റെ പിടിയിലായത്.
റെയിൽവേ പോലീസ് സൂപ്രണ്ട് ഗോപകുമാറിന്റെ നിർദ്ദേശപ്രകാരം ശബരിമല സീസണോടനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് കരുനാഗപ്പള്ളിക്കും ശാസ്താംകോട്ടയ്ക്കും ഇടയിൽ വച്ച് അന്യസംസ്ഥാന സ്വദേശികൾ കഞ്ചാവും നിരോധിത പുകയില ഉത്പന്നങ്ങളുമായി പിടിയിലാകുന്നത്.
പശ്ചിമബംഗാളിലെ മാൽദാ സ്വദേശി ഫിറോസ് അലി, ന്യൂ ജയ്പാൽഗുടി സ്വദേശി ധര രഞ്ജൻ, ആസാം സ്വദേശി ബികാസ് മൊണ്ടേൽ എന്നിവരാണ് കഴിഞ്ഞദിവസം രാത്രി പിടിയിലായത്. ഇവരുടെ കയ്യിൽ ഉണ്ടായിരുന്ന ഒരു ബാഗിൽ പുകയില ഉൽപ്പന്നങ്ങൾ കണ്ടതിന് തുടർന്നു നടത്തിയ കൂടുതൽ പരിശോധനയിലാണ് മറ്റു ബാഗുകളിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. നാലു ബാഗുകളിലായി ഒളിപ്പിച്ച നിലയിൽ നാലരക്കിലോ കഞ്ചാവും അഞ്ച് കിലോ നിരോധിത പുകയില ഉത്പന്നങ്ങളും ആണ് കണ്ടെടുത്തത്. തുടർന്ന് ഇവരെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു.
തിരുവനന്തപുരം കൊല്ലം പുനലൂർ റെയിൽവേ പോലീസും ഇന്റലിജൻസ് വിഭാഗവും സംയുക്തമായാണ് പരിശോധനയിൽ പങ്കെടുത്തത്. റെയിൽവേ പോലീസ് ഇന്റലിജൻസ് വിഭാഗത്തിലെ എ.അഭിലാഷ്, യു.ബർണബാസ്, തിരുവനന്തപുരം റെയിൽവേ ഷാഡോ പോലീസിലെ എസ് വി സുരേഷ് കുമാർ. എന്നിവരും പരിശോധനയിൽ പങ്കെടുത്തു. വരുംദിവസങ്ങളിലും തീവണ്ടികളിൽ പരിശോധന ശക്തമാക്കുമെന്ന് റെയിൽവേ പോലീസ് അറിയിച്ചു.