എറണാകുളം: ഒരിടവേളക്ക് ശേഷം എറണാകുളത്തെ കോൺഗ്രസിൽ ഗ്രൂപ്പ് യുദ്ധം മുറുകുന്നു. കഴിഞ്ഞ ദിവസം ആലുവയിൽ നടന്ന എ ഗ്രൂപ്പ് യോഗത്തിൽ ജില്ലാ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് നേതാക്കൾ ഉയർത്തിയത്.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടെ നിയമനത്തിൽ എ ഗ്രൂപ്പ് പ്രതിനിധികളെ വ്യാപകമായി വെട്ടി മാറ്റിയതിന് പിന്നാലെ യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിൽ എ ഗ്രൂപ്പ് നോമിനിയായി മത്സരിച്ച സ്ഥാനാർത്ഥിക്ക് കൂടുതൽ വോട്ട് ലഭിച്ചിട്ടും ക്രിമിനൽ കേസിൻ്റെ പേര് പറഞ്ഞ് വിജയം അസാധുവാക്കിയതാണ് എ ഗ്രൂപ്പ് നേതൃത്വത്തെ ചൊടിപ്പിച്ചത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടെ നിയമനത്തിൽ എ ഗ്രൂപ്പിനെ വെട്ടിനിരത്താൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ മൗനാനുവാദത്തോടെ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പ്രവർത്തിച്ചെന്നാണ് എ വിഭാഗത്തിൻ്റെ ആരോപണം. അതിന് പിന്നാലെ യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിൽ എ ഗ്രൂപ്പ് നോമിനിയായി ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് കൂടുതൽ വോട്ട് നേടിയ മുൻ കുന്നത്ത്നാട് നിയോജക മണ്ഡലം പ്രസിഡന്റ് പി.എച്ച് അനൂപിൻ്റെ വിജയം ദേശീയ നേതൃത്വം അസാധുവാക്കിയത്. ഇതാണ് ഗ്രൂപ്പ് നേതൃത്വത്തെ കൂടുതൽ പ്രകോപിതരാക്കിയത്.ഇതിന് പിന്നാലെ ആലുവയിൽ മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ യോഗം ചേർന്ന എ വിഭാഗം നിലപാട് കർക്കശ്ശമാക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് വിഷയത്തിൽ ദേശീയ നേതൃത്വത്തിന് പരാതി നൽകാനും നിയമപരമായ നടപടികൾ സ്വീകരിക്കാനുമാണ് തീരുമാനം. നേതൃത്വത്തിൽ നിന്നും അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ എ വിഭാഗത്തിൽ നിന്നും മത്സരിച്ച് വിജയിച്ച മുഴുവൻ യൂത്ത് കോൺഗ്രസ് ഭാരവാഹികളും രാജിവെയ്ക്കും. അതോടൊപ്പം ഗ്രൂപ്പിനെ അവഗണിച്ച് ഡി.സി.സി നേതൃത്വം മുന്നോട്ട് പോവുകയാണങ്കിൽ പാർട്ടി പരിപാടികളിൽ ഡി.സി.സിയുമായി സഹകരിക്കണ്ടന്നാണ് മുതിർന്ന നേതാക്കൾ ഉൾപ്പെടെ പങ്കെടുത്ത യോഗത്തിൽ തീരുമാനിച്ചത്.ഒരിടവേളയ്ക്ക് ശേഷം എറണാകുളം ജില്ലയിൽ ഗ്രൂപ്പ് പ്രവർത്തനം വീണ്ടും സജീവമായത് ലോക്സഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന പാർട്ടിക്ക് വലിയ തലവേദനയായി മാറുകയാണ്.