ഇടുക്കി കാഞ്ചിയാർ ലബ്ബക്കട കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ നടപടി. ഡോക്ടർമാരുടെ കുറവ് മൂലം ഉണ്ടാകുന്ന പ്രതിസന്ധി കഴിഞ്ഞദിവസം മാധ്യമങ്ങൾ അധികൃതരുടെ മുന്നിലെത്തിച്ചിരുന്നു.ഒപ്പം വ്യാപാരി സംഘടനകൾ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തും വന്നിരുന്നു. തുടർന്നാണ് ഡിഎംഒയുടെ ഭാഗത്തുനിന്നും അടിയന്തരമായി ഡോക്ടറെ നിയമിക്കുമെന്നതിൽ തീരുമാനമായത്.
കാർഷിക മേഖലയായ ലബ്ബക്കടയിലെ ആളുകളുടെ ആകെയുള്ള ആശ്രയമാണ് സർക്കാർ കുടുംബാരോഗ്യ കേന്ദ്രം.എന്നാൽ നാല് ഡോക്ടർമാരുടെ സേവനം ഉണ്ടായിരുന്നിടത്ത് ഒരു സ്ഥിര ഡോക്ടറുടെയും ഒരു താൽക്കാലിക ഡോക്ടറുടെയും സേവനം മാത്രമാണ് ലഭ്യമായിരുന്നത്.
ഇത് ആശുപത്രിയിൽ എത്തുന്ന ആളുകൾക്ക് യഥാസമയം ചികിത്സ ലഭ്യമാക്കുന്നതിനും ആശുപത്രിയുടെ സുഖമമായ പ്രവർത്തനത്തിനും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. തുടർന്നാണ് വ്യാപാര സംഘടനകൾ അടക്കം പ്രതിഷേധം അറിയിച്ചത്.
ഒപ്പം മാധ്യമങ്ങൾ ഡോക്ടർമാരുടെ അഭാവത്തിലെ പ്രതിസന്ധിയും ആശുപത്രി മന്ദിരത്തിന്റെ ശോചനീയവസ്ഥയും അധികാരികളിൽ എത്തിച്ചു.തുടർന്നാണ് അടിയന്തരമായി,ജനകീയനായ ഡോക്ടറുടെ സേവനം ആശുപത്രിയിൽ ഉറപ്പാക്കുമെന്ന് ഡിഎംഒ യുടെ ഭാഗത്തുനിന്ന് അറിയിച്ചത്.
ഡോക്ടറുടെ സേവനം ഉറപ്പാക്കുന്നത്തിനൊപ്പം ആശുപത്രി കെട്ടിടത്തിന്റെ ശോചനീയാവസ്ഥ കൂടി പരിഹരിക്കണം എന്നാണ് ഉയർന്നുവരുന്ന ആവശ്യം. കൂടാതെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ എണ്ണത്തിലെ കുറവും പരിഹരിക്കണമെന്ന ആവശ്യവും ഉയർന്നു വരുന്നുണ്ട്.