കാസര്‍ഗോഡ് മടക്കരയില്‍ മല്‍സ്യബന്ധനത്തിനായി കടലില്‍ പോയ ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും ലഭിച്ചത് വലനിറയെ ചെമ്മീന്‍. 1,000 മുതല്‍ 4,000 കിലോ ചെമ്മീനുംകൊണ്ടാണ് പല ബോട്ടുകളും വള്ളങ്ങളും കരയിലേക്ക് മടങ്ങിയത്.
കടലിന്റെ മക്കളെ കടലമ്മ കൈവിടില്ലെന്ന ചൊല്ല് യാഥാര്‍ത്ഥ്യമായിരിക്കുകയാണ് കാസര്‍ഗോഡ് മടക്കരയില്‍. മത്സ്യബന്ധനത്തിനായി കടലിലിറങ്ങിയ ബോട്ടുകളെയും വള്ളങ്ങളെയും കാത്തിരുന്നത് ചാകരയായിരുന്നു. വലനിറയെ ചെമ്മീനുമായി തിരിച്ചെത്തിയ യാനങ്ങള്‍ക്ക് പിന്നെ വിശ്രമമില്ലായിരുന്നു.
രാവിലെ 10 മുതല്‍ വൈകുന്നേരം ആറ് മണി വരെ ചെമ്മീനുമായി യാനങ്ങള്‍ ഇടതടവില്ലാതെ എത്തുന്ന കാഴ്ചയാണ് തുറമുഖത്ത് കാണാന്‍ സാധിച്ചത്. ചെമ്മീനുമായി കിലോയ്ക്ക് 120 രൂപ മുതല്‍ക്കാണ് മൊത്ത കച്ചവടക്കാര്‍ രാവിലെ യാനങ്ങളിലെത്തിയ ചെമ്മീന്‍ ശേഖരിച്ചത്.
കടലിലെ ചാകര കണ്ട് പല തവണ യാനങ്ങള്‍ കടലിലിറങ്ങി ചെമ്മീനുമായി തുറമുഖത്ത് എത്തിയതോടെ വില 70 രൂപയായി കുറയുകയും ലേല ഹാളിലെ പലഭാഗങ്ങളില്‍ ചെമ്മീന്‍ കൂനകള്‍ ഉയരുകയും ചെയ്തു.
ലേലം വിളിയും ചില്ലറ കച്ചവടക്കാരുടെ വിലപേശലുമൊക്കെയായി ആഹ്ലാദത്തിന്റെ നിമിഷങ്ങളായിരുന്നു മടക്കര തുറമുഖത്ത്. ട്രോളിങ് നിരോധനം അവസാനിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പും ഇത്തരത്തില്‍ ചെമ്മീന്‍ ചാകര ഉണ്ടായിരുന്നു.